പിൻനിരയിലിരിക്കുന്നവരെ പോലെയാകരുതെന്ന് മുഖ്യമന്ത്രി; പിൻനിരയിലിരിക്കുന്നവർ ഒാട് പൊളിച്ചുവന്നവരല്ലെന്ന് പ്രതിപക്ഷ നേതാവ്
text_fieldsഎസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തെ തുടർന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഉത്തരവ് കൊടുത്തിരുന്ന പാർട്ടി സെക്രട്ടറിയുടെ തലത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാവിന്‍റെ നിലവാരത്തിലേക്ക് പ്രതിപക്ഷ നേതാവ് താഴ്ന്നുവെന്നും പിൻനിരയിലിരിക്കുന്നവരെ പോലെയാകരുത് പ്രതിപക്ഷ നേതാവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു.
പിൻനിരയിലിരിക്കുന്നവർ ഒാട് പൊളിച്ചുവന്നവരല്ലെന്നും അവരെയും ജനങ്ങൾ തിരഞ്ഞെടുത്തതാണെന്നും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. പിൻനിരയിലിരിക്കുന്നവരുടെ അതേ നിലവാരം തന്നെയാണ് തനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എം.ജി സര്‍വകലാശാല കാമ്പസില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകയെ എസ്.എഫ്.ഐ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പെണ്‍കുട്ടികളെ കാമ്പസില്‍ പഠിക്കാന്‍ വിടാന്‍ സാധിക്കാത്ത സാഹചര്യമാണ് കേരളത്തിലെ കാമ്പസുകളില്‍ ഉണ്ടായിരിക്കുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടാക്കണം. ഇതിനെല്ലാം കുടപിടിച്ചു കൊടുക്കാതെ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കേരളത്തിന്റെ മുഖ്യമന്ത്രി സി.പി.എമ്മുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സംഘടനയെ ഇതുപോലെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. മുഖ്യമന്ത്രിക്ക് നിയമസഭയില്‍ വന്ന് ഇങ്ങനെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നെങ്കിലും അവരെ ഉപദേശിക്കണം' -വി.ഡി സതീശൻ പറഞ്ഞു.
കേരളത്തില്‍ ഗുണ്ടകളെ പോലെ പെരുമാറുന്ന ഒരു കൂട്ടം ആളുകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.