പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്; പ്രതിപക്ഷ നേതാവിന്റെ പ്രണയ ദിന സന്ദേശം 'മകൾക്കൊപ്പം'
text_fieldsപ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രണയ ദിനത്തോടനുബന്ധിച്ചായിരുന്നു 'മകൾക്കൊപ്പം' എന്ന ഹാഷ്ടാഗിൽ വി.ഡി സതീന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കരുതെന്നും ആരും ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം ഒാർമിപ്പിച്ചു. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ലെന്നും. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ എങ്ങനെയാണ് കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
'എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്ര്യമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്രവും മറ്റേയാൾക്കും ഉണ്ടെന്ന് തിരിച്ചറിയുക.' -സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രണയം തിരസ്കരിക്കപ്പെടുമ്പോൾ അക്രമം പ്രവർത്തിക്കാൻ ഒരാൺകുട്ടിക്ക്, പുരുഷന് തോന്നുന്നുവെങ്കിൽ അത് ആൺ മേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണെന്ന് സതീശൻ ചൂണ്ടികാട്ടി. 'അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട ആൺകുട്ടിളെ നിങ്ങളത് തിരിച്ചറിയണം. ഞാൻ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല.' -സതീശൻ എഴുതി.
പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തരെന്നും അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.