'മഞ്ഞസൂര്യന്‍റെ' കഥാകാരന് തൃശൂരിൽ അന്ത്യവിശ്രമം
text_fieldsതൃശൂര്‍: മഞ്ഞസൂര്യന്‍റെ നാളുകളുടെ കഥ പറഞ്ഞ കഥാകാരന് തൃശൂരിൽ അന്ത്യവിശ്രമം. ജനനംകൊണ്ട് പാലക്കാട്ടുകാരനും ബാല്യ-കൗമാര ജീവിതത്തിൽ കണ്ണൂരുകാരനുമായ, അനന്തപുരി കര്‍മമണ്ഡലമാക്കിയ സതീഷ് ബാബു പയ്യന്നൂര്‍ സാംസ്കാരിക നഗരിയിലെ മണ്ണിൽ വിലയം പ്രാപിച്ചു. ശനിയാഴ്ച ഉച്ചക്ക് സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രി കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ എം.പി, പി. ബാലചന്ദ്രന്‍ എം.എല്‍.എ, കലക്ടര്‍ ഹരിത വി. കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അക്കാദമിയുടെ നടുത്തളത്തില്‍ പൊലീസ് ഔദ്യോഗിക ബഹുമതി നല്‍കി.
ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് അന്തരിച്ച സതീഷ് ബാബുവിന്‍റെ മൃതദേഹം വെള്ളിയാഴ്ച രാത്രി 11.45നാണ് ചെവ്വൂരിൽ മാതാപിതാക്കൾ താമസിക്കുന്ന വീട്ടില്‍ എത്തിച്ചത്. സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായിരിക്കെ സതീഷ് ബാബുവാണ് അച്ഛനമ്മമാരെ ചെവ്വൂരിലേക്ക് കൊണ്ടുവന്നത്. യാത്ര ചെയ്യാന്‍ പ്രയാസമുള്ള മാതാപിതാക്കൾക്ക് മകനെ അവസാനമായി കാണാൻ അവസരം ഒരുക്കാനാണ് പയ്യന്നൂരിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം മൃതദേഹം ചെവ്വൂരിൽ എത്തിച്ചത്. വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷമാണ് സാഹിത്യ അക്കാദമിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്. ഭാര്യ ഗിരിജ, മകള്‍ വര്‍ഷ, മരുമകന്‍ ശ്രീരാജ്, സഹോദരന്‍ അനില്‍കുമാര്‍, സഹോദരി മൃദുല എന്നിവര്‍ അനുഗമിച്ചു.
സതീഷ് ബാബു പയ്യന്നൂര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഭാരത് ഭവന്‍ ജീവനക്കാര്‍ തിരുവനന്തപുരത്തുനിന്നും മൃതദേഹത്തെ അനുഗമിച്ചു. ശാന്തിഘട്ടിലായിരുന്നു സംസ്കാരം. എ.സി. മൊയ്തീന്‍ എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, മുന്‍ എം.എല്‍.എമാരായ പന്തളം സുധാകരന്‍, ടി.വി. ചന്ദ്രമോഹന്‍, എം.പി. വിന്‍സെന്‍റ്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സെക്രട്ടറി കരിവള്ളൂര്‍ മുരളി, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ശ്രീമൂലനഗരം മോഹനന്‍, എഴുത്തുകാരായ അഷ്ടമൂര്‍ത്തി, എന്‍. രാജന്‍, ശ്രീലത, രാവുണ്ണി, അശോകന്‍ ചെരുവില്‍, ജോസഫ് ചാലിശ്ശേരി, പ്രഫ. ജോര്‍ജ് എസ്. പോൾ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.