സതീഷിന്റെ ജാഗ്രതയാണ് ആ പെൺകുട്ടിയുടെ ജീവൻ
text_fieldsകോഴിക്കോട്: സിഗ്നൽ ലഭിച്ച് ഇളകി തുടങ്ങിയ ട്രെയിനിനടുത്തേക്ക് ഒരു പെൺകുട്ടി ഓടി വരുമ്പോൾ തന്നെ പരിചയ സമ്പന്നനായ ആർ പി.എഫ് ഉദ്യോഗസ്ഥന് തോന്നിയ ജാഗ്രതയാണ് ആ കൗമാരക്കാരിയുടെ ജീവന് തുണയായത്. ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളായ മലപ്പുറം ഐക്കരപ്പടി കാഞ്ഞിപ്പുറത്ത് വീട്ടിൽ ഇ.സതീഷാണ് ഓടി തുടങ്ങിയ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ പെൺകുട്ടിയെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
നവംബർ 11 ന് വെള്ളിയാഴ്ച പുലർച്ചെ 5.30 ന് തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 06023 ഷൊർണ്ണൂർ - കണ്ണൂർ മെമു സ്റ്റേഷനിലെത്തി ഏതാനും സമയത്തിനകം യാത്ര തുടങ്ങിയ ഉടനെയാണ് ചുമലിൽ ബാഗ് തൂക്കിയ പെൺകുട്ടി ട്രെയിനിനടുത്തേക്ക് ഓടി വരുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷിന്റെ ശ്രദ്ധയിൽ പെട്ടത്. പെൺകുട്ടി ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുമ്പോഴക്കും സതീഷ് ട്രെയിനിനടുത്തേക്ക് ഓടിയെത്തിയിരുന്നു. ട്രെയിനിലേക്ക് കയറുന്നതിനിടെ പിടി വിട്ട് താഴെ വീഴുമ്പോഴേക്കും തൊട്ടടുത്തെത്തിയ സതീഷ് പെൺകുട്ടിയെ ട്രെയിനിനും പാളത്തിനുമിടയിലേക്ക് വീഴാതെ തള്ളി മാറ്റുകയായിരുന്നു. പരിക്കൊന്നുമേൽക്കാത്തതിനാൽ കുട്ടി റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന പിതാവിനൊപ്പം മടങ്ങി.
അപകടത്തിന്റേയും രക്ഷപ്പെടുത്തുന്നതിന്റേയും ദൃശ്യങ്ങൾ ആർ.പി.എഫ് തന്നെ ട്വിറ്ററിൽ പങ്ക് വെച്ചപ്പോഴാണ് പുറം ലോകം കാണുന്നത്. ദൂരെ നിന്ന് പെൺകുട്ടി തീവണ്ടിക്കടുത്തേക്ക് ഓടി വരുമ്പോൾ തന്നെ സതീഷും ജാഗ്രത കാണിക്കുന്നത് വീഡിയോയിൽ കാണാം. 53 കാരനായ സതീഷ് 25 വർഷത്തോളമായി സർവീസിലുണ്ട്. ആത്മഹത്യ ചെയ്യാനുറച്ച് സ്റ്റേഷനുകളിലെത്തിയ പലരേയും ജീവിതത്തിലേക്ക് തിരികെയെത്തിച്ച നിരവധി സംഭവങ്ങൾ സേവനപാതയിലെ ജാഗ്രതയുടെ അടയാളങ്ങളായി ഇവർക്ക് പറയാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.