തൊട്ടതെല്ലാം പൊന്നാക്കിയ സതീവൻ ബാലൻ
text_fieldsതിരുവനന്തപുരം: കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ 13 വർഷത്തെ നിരാശയുടെ വലപൊട്ടിച്ച് കേരളത്തിൽ സന്തോഷം കൊണ്ടുവന്ന ഫുട്ബാൾ പരിശീലകൻ സതീവൻ ബാലൻ സർവിസിൽനിന്ന് വിരമിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിെൻറ ടെക്‌നിക്കൽ ഓഫിസർ കുപ്പായമാണ് അദ്ദേഹം വെള്ളിയാഴ്ച അഴിച്ചുവെച്ചത്. ഇനി പ്രഫഷനൽ ഫുട്ബാളിെൻറ കുമ്മായവരക്കപ്പുറത്ത് തന്ത്രങ്ങളുമായി സതീവൻ ബാലനെന്ന കുറിയ വലിയ മനുഷ്യൻ നമുക്കിടയിലുണ്ടാകും.
ക്യൂബയിൽ പോയി ആറുവർഷം കായിക വിദ്യാഭ്യാസം പഠിച്ച സതീവൻ, 1995ലാണ് പരിശീലക കുപ്പായമണിഞ്ഞത്. കൊൽക്കത്തയിലെ സായ് കേന്ദ്രത്തിലായിരുന്നു തുടക്കം. പിന്നീട് കേരളത്തിലേക്ക്. 1999ൽ സ്പോർട്സ് കൗൺസിലിൽ കരാറടിസ്ഥാനത്തിൽ ഫുട്ബാൾ പരിശീലകനായി. 2001ൽ സ്ഥിരനിയമനം. 2003ൽ മുൻ ഇന്ത്യൻ ഫുട്‌ബാൾ പരിശീലകനായ സ്‌റ്റീഫൻ കോൺസ്റ്റൻറയിനിെൻറ വിശ്വസ്‌തനായി. പിന്നീടുള്ള കാലങ്ങളിൽ ഇന്ത്യ അണ്ടർ 19 ടീമിെൻറ പരിശീലകൻ, സെലക്ടർ, നിരീക്ഷകൻ തുടങ്ങി വിവിധ വേഷങ്ങളിൽ ഈ 56 കാരൻ ഫുട്ബാൾ ലോകത്ത് നിറഞ്ഞാടി. സതീവെൻറ നേതൃത്വത്തിൽ അണ്ടർ 19 ടീം വെയിൽസിൽ നടന്ന ഇയാൻ കപ്പ് ചാമ്പ്യന്മാരാകുകയും പാകിസ്താനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്സ് അപ്പാകുകയും ചെയ്തു.
കാലിക്കറ്റ് സർവകലാശാല ടീമിനെ മൂന്നുവട്ടം അന്തർ സർവകലാശാല ചാമ്പ്യന്മാരാക്കി. ഈ മിടുക്കാണ് 2018ൽ സന്തോഷ് ട്രോഫി ടീമിനെ ഒരുക്കാനുള്ള ചുമതലയിലെത്തിച്ചത്.
ബാലെൻറ തന്ത്രങ്ങൾക്കുമേൽ ക്യാപ്റ്റൻ രാഹുൽ വി. രാജിെൻറ നേതൃത്വത്തിലുള്ള യുവനിര കളത്തിൽ നിറഞ്ഞാടിയപ്പോൾ 13 വർഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. പിന്നീട് കുറച്ചുകാലം ഗോകുലം കേരളയുടെ സഹപരിശീലകനായി.
ഇനി പ്രഫഷൽ ഫുട്ബാളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് ലക്ഷ്യമെന്ന് സതീവൻ 'മാധ്യമ'ത്തോട് പറഞ്ഞു. തിരുവനന്തപുരം പട്ടം മരപ്പാലം സ്വദേശിയാണ്. ഭാര്യ: കെ.വി. ഷീജ. മക്കൾ: എസ്.എസ്. ശ്രുതി, എസ്.എസ്. ലയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.