Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഏക വ്യക്തി നിയമം...

'ഏക വ്യക്തി നിയമം മുസ്‌ലിം വിരുദ്ധ നീക്കം മാത്രമല്ല, രാഷ്ട്ര ശരീരത്തെ വികലമാക്കുന്ന അസംബന്ധം'; രൂക്ഷ വിമർശനവുമായി സത്യദീപം

text_fields
bookmark_border
sathyadeepam
cancel

തൃശൂർ: ഏകവ്യക്തിനിയമത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാപത്രമായ ‘സത്യദീപം’ മുഖപ്രസംഗം. ഏകവ്യക്തിനിയമം മുസ്‌ലിംവിരുദ്ധ നീക്കം മാത്രമല്ലെന്ന് 'ഏകത്വമോ ഏകാധിപത്യമോ' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു. ആദിവാസി-ഗോത്ര വിഭാഗങ്ങള്‍, ദലിതര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയുടെ അസ്തിത്വം തന്നെയും അസ്ഥിരമാക്കുന്ന ദൂരവ്യാപക പ്രഹരശേഷിയുള്ളതാണ് ഏകവ്യക്തിനിയമം. ഭരണഘടനാമൂല്യങ്ങളായ മതേതരത്വവും ജനാധിപത്യവും അതിന്‍റെ ബഹുസ്വരസഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട് നാനാവിധമാകും. രാഷ്ട്രശരീരത്തെ വികലമാക്കുന്ന അസംബന്ധമാണ് ഏകവ്യക്തിനിയമമെന്നും സത്യദീപം വിമർശിക്കുന്നു.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതിന്‍റെ ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചാലനായ പ്രധാനമന്ത്രി രാജ്യത്തിന്‍റെ വ്യത്യസ്തതയെ വ്യക്തമായും റദ്ദ് ചെയ്തുകൊണ്ടാണ് സംസാരിച്ചതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. മതാധിഷ്ഠിത ദേശീയത അപകടകരമാംവിധം പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിധാനത്തില്‍ ഭൂരിപക്ഷത്തിന്റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ അപകടത്തിലാക്കുകയാണ്.

സാംസ്‌കാരികവും പ്രാദേശികവുമായ എല്ലാ വൈവിധ്യങ്ങളെയും ബഹുസ്വരതയെയും നിരാകരിച്ച് ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് 'ഇപ്പോള്‍ത്തന്നെ യാഥാര്‍ത്ഥ്യമായ രാമരാജ്യത്തെക്കുറിച്ച്' ആത്മവിശ്വാസത്തോടെ പറയുന്നവര്‍ നേതൃത്വത്തിലിരിക്കെ ഏകവ്യക്തിനിയമം നടപ്പാകുമ്പോള്‍ അത് സത്യമായും ഭാരതത്തിന്‍റെ നാനാത്വത്തെ ഇല്ലാതാക്കാനാണെന്ന് ഉറപ്പാണ്.

ഏകവ്യക്തിനിയമം നേരത്തെ നടപ്പിലായ സംസ്ഥാനമായ ഗോവയും അത് നടപ്പാക്കുക നിയമപരമായി അസാധ്യമായ മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളും, അവയുടെ പ്രയോഗത്തിലും പ്രയോജനത്തിലും വലിയ വൈരുദ്ധ്യങ്ങള്‍ കൊണ്ട് വികലവുമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. തനതു സംസ്‌കാര സംരക്ഷണത്തിന്റെ ആറാം പട്ടികയിലുള്‍പ്പെട്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 244(2), 275(1) അനുഛേദങ്ങളുടെ പിന്‍ബലമുണ്ടെന്നിരിക്കെ ഏകവ്യക്തിനിയമം ഇന്ത്യ മുഴുവന്‍ പ്രാബല്യത്തിലാക്കുന്നതെങ്ങനെയാണ്? ഭരണഘടനയുടെ 14 നിര്‍ദേശകതത്വങ്ങളില്‍ ഒന്നു മാത്രമായ ഏകവ്യക്തി നിയമം ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളിലും നടപ്പാക്കാനുദ്യമിക്കുമ്പോള്‍, അത് രാഷ്ട്രീയ പ്രേരിതമെന്ന് വിശ്വസിക്കാന്‍ പ്രധാനകാരണം പൊതുതിരഞ്ഞെടുപ്പൊരുക്കം തന്നെയാണ്. രാജ്യത്തുടനീളം തുല്യവേതനം, സാര്‍വത്രിക വിദ്യാഭ്യാസം, തൊഴിലുറപ്പ് പോലുള്ള മനുഷ്യാവകാശ സ്വഭാവമുള്ള മറ്റ് നിര്‍ദേശങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ സമത്വത്തെ അതിഗാഢമാകും വിധം നിര്‍ണ്ണയിക്കുന്നവയായിരിക്കുമ്പോള്‍ തന്നെയാണ് ഏകീകൃത സിവില്‍ കോഡിന്‍റെ മാത്രം തിരഞ്ഞെടുപ്പെന്നത് മറക്കരുത്.

പ്രായോഗികമായി അനവധി പ്രയാസങ്ങളും സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും അനിവാര്യമെന്നുറപ്പുള്ള ഏകീകൃത നിയമ നീക്കം അടിസ്ഥാനപരമായി അനീതിപരമാണ്. സാംസ്‌കാരിക ഏകീകരണത്തിലൂടെ രാഷ്ട്രീയ ഏകീകരണത്തെ ലക്ഷ്യമാക്കിയപ്പോള്‍ സംഭവിച്ചതാണ് നാസിസവും ഫാഷിസവും. ഒരു ഭാഷ, ഒരു മതം ഒരു തെരഞ്ഞെടുപ്പ് എന്നീ ഏകീകരണ വഴിയിലേക്ക് ഏകവ്യക്തിനിയമം എന്ന പുതിയ അസംബന്ധം കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഫെഡറല്‍ സ്വഭാവ സവിശേഷതയാര്‍ന്ന രാഷ്ട്രശരീരത്തെയാണ് ഒരുപോലെയാക്കാന്‍ വികലമാക്കുന്നത് എന്നത് മറക്കരുത് -സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uniform civil codeSathyadeepam
News Summary - Sathyadeepam editorial criticizing uniform civil code
Next Story