പൊലീസില്‍ പിടിമുറുക്കിയ ആര്‍.എസ്.എസ് കരങ്ങളെക്കുറിച്ചും മോഹനൻ മാഷിന് ആശങ്ക വേണം; മെക് 7 വിവാദത്തിൽ സത്താർ പന്തല്ലൂർ
text_fieldsകോഴിക്കോട്: മുസ്ലിംകളുടെയോ, മുസ്ലിംകൾ ഉൾപ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ലെന്ന് സമസ്ത യുവ നേതാവ് സത്താർ പന്തല്ലൂർ. സ്ത്രീകളടക്കം പങ്കെടുക്കുന്ന മെക് 7 കൂട്ടായ്മയെ കുറിച്ച് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആരോപണങ്ങളുമായി രംഗത്തുവന്നത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
‘ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലിംകള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്ലിംകളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയനിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവെച്ച് ബി.ജെ.പി നേതാക്കള്‍ ഏറ്റുപിടിച്ച ഇപ്പോഴത്തെ കാമ്പയിനെ ആ നിലക്കേ കാണാന്‍ പറ്റൂ’ -സത്താർ ഫേസ്ബുക്കിൽ കുറിച്ചു.
അരാഷ്ട്രീയ സ്വഭാവത്തോടെയുള്ള സംഘാടനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംശയത്തോടെ മാത്രമെ കാണൂ. ഒരുപക്ഷേ സി.പി.എം നേതാവ് വിമര്‍ശനവുമായി വരാന്‍ കാരണം ഇതാകും. ഇനി മതരാഷ്ട്രവാദികളും തീവ്രവാദികളും പിടിമുറുക്കും എന്നാണ് മോഹനന് ആശങ്കയെങ്കില്‍, അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുമാണ്. മെക്-7ന് പിന്നിലുള്ളവര്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് ശ്രദ്ധിക്കണമെന്ന് പറയുന്നതിനൊപ്പം, ഇതേ ആശങ്ക കേരളാ പൊലീസില്‍ പിടിമുറുക്കിയ ആര്‍.എസ്.എസ് കരങ്ങളെക്കുറിച്ച് മോഹനന്‍ മാഷിന് ഉണ്ടാകണമെന്നും സത്താർ ഓർമപ്പെടുത്തി. എന്തുവന്നാലും പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കും എന്നും തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോ എന്നും പ്രഖ്യാപിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവര്‍ മോഹനന്‍ മാഷിന്റെ പാര്‍ട്ടി ഭരിക്കുമ്പോഴാണ് സര്‍വീസിലിരുന്നത്.
കേരളാ പൊലീസിന്റെ അജണ്ട സെറ്റ് ചെയ്യുന്നത് ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞത് കേരളം ഭരിക്കുന്ന കക്ഷിയുടെ അഖിലേന്ത്യാ നേതാവായ ആനിരാജയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ആരോഗ്യ പരിപാലനം ലക്ഷ്യമാക്കി നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായ ‘മെക് 7’ വ്യായാമ കൂട്ടായ്മയെച്ചൊല്ലി വിവാദം. മലപ്പുറം കൊണ്ടോട്ടിക്കടുത്ത തുറക്കലിലുള്ള മുൻ സൈനികൻ പി. സലാഹുദ്ദീൻ തുടക്കംകുറിച്ചതാണ് മൾട്ടി എക്സർസൈസ് കോമ്പിനേഷൻ (മെക് 7) എന്ന വ്യായാമ സംവിധാനം.
മെക് 7ന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും പോപുലർ ഫ്രണ്ട് സ്വാധീനം പിന്നിലുണ്ടെന്നുമാണ് കണ്ണൂർ ജില്ലയിൽ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിൽ മോഹനൻ ആരോപിച്ചത്. തുടർന്ന് സുന്നി കാന്തപുരം വിഭാഗവും കൂട്ടായ്മക്കെതിരെ രംഗത്തുവന്നു. കൂട്ടായ്മക്ക് പിന്നിൽ ജമാഅത്തിനെയും മുജാഹിദ് വിഭാഗങ്ങളെയും കൂട്ടിക്കെട്ടിയും എൻ.ഡി.എഫിന്‍റെ പഴയ രൂപമാണെന്ന് ആരോപിച്ചുമായിരുന്നു രംഗപ്രവേശം.
ഫേസ്ബുക്കിന്‍റെ പൂർണ രൂപം;
MEC-7 വിവാദം:
ഏഴു കാറ്റഗറിയിലുള്ള 21 വ്യായാമങ്ങളടങ്ങിയ Multi Excercise Combination അഥവാ MEC- 7 വളരെ മുമ്പ് തന്നെ കേരളത്തിലുണ്ടെങ്കിലും ഇക്കഴിഞ്ഞദിവസങ്ങളിലാണ് അത് ചര്‍ച്ചയായത്. കഴിഞ്ഞയാഴ്ച സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതോടെയാണ് മെക്-7നെ കുറിച്ച് കൂടുതല്‍ ആളുകള്‍ കേട്ടത്. നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ആണ് മെക്7ന് പിന്നിലെന്നാണ് പി. മോഹനന്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് അദ്ദേഹം ഇതിനെ മയപ്പെടുത്തി പ്രസ്താവനയിറക്കി. മെക് 7 നെ ക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പൊതുയിടങ്ങളില്‍ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ഇന്നത്തെ വിശദീകരണം. രാഷ്ട്രീയ മത ചിന്തകള്‍ക്ക് അതീതമായ പൊതുഇടമാണ് മെക് 7 എന്നും മോഹനന്‍ ഇന്ന് പറഞ്ഞു.
ഇതുവരെ മനസ്സിലാക്കിയതില്‍ നിന്ന് നാട്ടില്‍ സജീവമായ 35- 40 വയസ്സിന് മുകളിലുള്ള പാര്‍ട്ടി, മത, ഭേദമന്യേ സ്ത്രീ പുരുഷൻമാർ ഈ കൂട്ടായ്മകളില്‍ അംഗമാണെന്നാണ്. കോവിഡിന് ശേഷം ആളുകള്‍ പൊതുവേ ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുക്കളാണ്. ഈ സാഹചര്യം കൂടി മെക്-7 കൂട്ടായ്മക്ക് വേഗത്തില്‍ പ്രചാരണം കിട്ടാന്‍ കാരണമായിട്ടുണ്ട്.
അരാഷ്ട്രീയ സ്വഭാവത്തോടെയുള്ള സംഘാടനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംശയത്തോടെ മാത്രമെ കാണൂ. ഒരുപക്ഷേ സി.പി.എം നേതാവ് വിമര്‍ശനവുമായി വരാന്‍ കാരണം ഇതാകും. ഇനി മതരാഷ്ട്രവാദികളും തീവ്രവാദികളും പിടിമുറുക്കും എന്നാണ് മോഹനന് ആശങ്കയെങ്കില്‍, അക്കാര്യം ചര്‍ച്ച ചെയ്യേണ്ടതുമാണ്. കാരണം പൊതുകൂട്ടായ്മകളുടെ മുന്നില്‍നിന്ന് അതിനെ ഹൈജാക്ക് ചെയ്യുന്ന സ്വഭാവം ഇത്തരം സംഘടനകൾക്കുണ്ട്. മെക്-7 ന് പിന്നിലുള്ളവര്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് ശ്രദ്ധിക്കണമെന്ന് പറയുന്നതിനൊപ്പം, ഇതേ ആശങ്ക കേരളാ പോലീസില്‍ പിടിമുറുക്കിയ ആര്‍.എസ്.എസ് കരങ്ങളെക്കുറിച്ച് മോഹനന്‍ മാഷിന് ഉണ്ടാകണമെന്നും ശ്രദ്ധയിൽപ്പെടുത്തുകയാണ്. കാരണം എന്തുവന്നാലും പോലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കും എന്നും തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോ എന്നും പ്രഖ്യാപിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവര്‍ മോഹനന്‍ മാഷിന്റെ പാര്‍ട്ടി ഭരിക്കുമ്പോഴാണ് സര്‍വീസിലിരുന്നത്. കേരളാ പോലീസിന്റെ അജണ്ട സെറ്റ് ചെയ്യുന്നത് ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞത് കേരളം ഭരിക്കുന്ന കക്ഷിയുടെ അഖിലേന്ത്യാ നേതാവായ ആനിരാജയാണ്.
ചുരുക്കത്തില്‍, മുസ്ലിംകളുടെയോ മുസ്ലിംകൾ ഉൾപ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്ലിംകള്‍ ഉണ്ടെങ്കില്‍ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്ലിംകളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയനിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവച്ച് ബി.ജെ.പി നേതാക്കള്‍ ഏറ്റുപിടിച്ച ഇപ്പോഴത്തെ കാംപയിനെ ആ നിലക്കേ കാണാന്‍ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.