ശനിയാഴ്ച പൊതു അവധി; 24,25 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത ശനിയാഴ്ച പൊതു അവധി. 24,25 തീയതികളിൽ അവശ്യസർവിസുകൾ മാത്രമേ അനുവദിക്കൂ. എന്നാൽ, ശനിയാഴ്ച നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് മാറ്റമില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇൗ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും. മറ്റ് ജീവനക്കാരെ കോവിഡ് നിയന്ത്രണ പരിപാടികള്‍ക്കായി കലക്ടര്‍മാര്‍ക്ക് ഉപയോഗിക്കാം. സ്വകാര്യമേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം.
നേരത്തേ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളെ ഈ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. എന്നാല്‍, ഇത്തരം ചടങ്ങുകള്‍ക്ക് 75 പേരെയേ പെങ്കടുപ്പിക്കാനാകൂ. പങ്കാളിത്തം എത്രത്തോളം കുറക്കാന്‍ പറ്റുമോ അത്രയും കുറക്കുന്നത് നല്ലതാണെന്നും സാഹചര്യം വിലയിരുത്തി ഈ പരിധി കുറക്കുന്ന കാര്യവും ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കടകൾ ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾ രാത്രി ഏഴര വരെ മാത്രമേ പ്രവർത്തിക്കാവൂ. എന്നാൽ, റമദാൻ നോമ്പിെൻറ പശ്ചാത്തലത്തിൽ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് അതത് പ്രാദേശികതലത്തിൽ തീരുമാനമെടുക്കാം. റമദാനോടനുബന്ധിച്ചുള്ള ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനും അനുമതി നൽകും. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന നല്‍കും. അതിനായി ഒരു താലൂക്കില്‍ ഒരു സി.എഫ്.എൽ.ടി.സിയെങ്കിലും ഉണ്ടാകും. നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് പൊതുവെ ബുദ്ധിമുട്ടുണ്ടാക്കുമെന്നത് ശരിയാണെങ്കിലും എല്ലാവരും സഹകരിക്കണമെന്നും അയല്‍ സംസ്ഥാനങ്ങളിലുൾപ്പെടെ രോഗബാധയുടെ തോത് വര്‍ധിച്ചെന്നും അതുകൂടി കണക്കിലെടുത്ത് നല്ല നിലയില്‍ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.