ശനിയാഴ്ചകളിലെ പി.എസ്.സി പരീക്ഷകൾ മാറ്റിവെക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: പ്രവൃത്തിദിവസങ്ങളായി വരുന്ന ശനിയാഴ്ചകളിൽ സ്കൂളുകളിൽ പി.എസ്.സി പരീക്ഷ നടത്തരുതെന്ന് നിർദേശിക്കാൻ പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മേൽനോട്ടസമിതി യോഗം തീരുമാനിച്ചു. ഇതിനായി സ്കൂൾ പ്രവൃത്തിദിനങ്ങളായി വരുന്ന ശനിയാഴ്ചകൾ മുൻകൂട്ടി പി.എസ്.സിയെ അറിയിക്കും.
സ്കൂളുകളിൽ 200 അധ്യയനദിനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. വരുന്ന അധ്യയനവർഷം ആഗസ്റ്റ് 19, സെപ്റ്റംബർ 16, 23, ഒക്ടോബർ 21, 2018 ജനുവരി ആറ്, 27 ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ഇൗ ദിവസങ്ങളിൽ ക്ലസ്റ്റർ യോഗങ്ങളോ മറ്റ് പരിശീലനങ്ങളോ നടത്താൻ പാടില്ല. പ്രവൃത്തിദിവസങ്ങളിൽ അധ്യാപകരെ പരിശീലനത്തിന് വിളിക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഹെഡ്മാസ്റ്റർ, അധ്യാപകയോഗങ്ങൾ എന്നിവ ശനിയാഴ്ചകളിൽ മാത്രമേ നടത്താവൂ.
അടുത്ത അധ്യയനവർഷത്തെ പാദവാർഷിക പരീക്ഷകൾ ആഗസ്റ്റ് 21 മുതൽ 31 വരെയും അർധവാർഷിക പരീക്ഷ ഡിസംബർ 13 മുതൽ 22വരെയും നടത്തും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ 2018 ഫെബ്രുവരി 17ന് നടത്തും. നാഷനൽ ടാലൻറ് സെർച് പരീക്ഷ നവംബർ അഞ്ചിന് നടത്തും. ഒാരോ ടേമിലും ഒന്ന് വീതം എന്ന രീതിയിൽ അധ്യയനവർഷത്തിൽ മൂന്ന് ക്ലസ്റ്റർ യോഗങ്ങൾ നടത്തും. തീയതി പിന്നീട് തീരുമാനിക്കും.
വിവിധ പരിപാടികൾക്ക് പോകുേമ്പാൾ കുട്ടികളെ അനുഗമിക്കാൻ അധ്യാപകരില്ലാതെ വരുന്ന സാഹചര്യത്തിൽ സാധ്യമെങ്കിൽ രക്ഷിതാക്കളുടെ സഹായംതേടാനും തീരുമാനിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കുന്ന പരിശീലന പരിപാടികൾ ഒന്നും അനുവദിക്കില്ല. പ്രാദേശിക അവധിക്ക് പകരം മറ്റൊരു ദിവസം നിർബന്ധമായും പ്രവൃത്തിദിനമാക്കണം. അധ്യാപകർക്കായി എസ്.എസ്.എ ഇംഗ്ലീഷ് പരിശീലന പരിപാടി സംഘടിപ്പിക്കും.
യു.പി അധ്യാപകർക്ക് ആഗസ്റ്റ് നാല്, അഞ്ച് തീയതികളിലും ഒക്ടോബർ 27, 28 തീയതികളിലും ആയിരിക്കും പരിശീലനം. എൽ.പി വിഭാഗത്തിന് നവംബർ മൂന്ന്, നാല്, 17,18, 24,25 തീയതികളിലും പരിശീലനം നടത്തും. എസ്.എസ്.എ, ആർ.എം.എസ്.എ, ഡയറ്റ്, എസ്.സി.ഇ.ആർ.ടി, സീമാറ്റ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കും.
ഒരുസമയം ഒരുപരിശീലനം മാത്രം എന്ന രീതിയിൽ പരിപാടികളുടെ ആവർത്തനവും കൂട്ടിമുട്ടലും ഇല്ലാതാക്കും. എസ്.എസ്.എ, ആർ.എം.എസ്.എ, ഡയറ്റ്, എസ്.സി.ഇ.ആർ.ടി, സീമാറ്റ് എന്നിവയുടെ പരിപാടികളടങ്ങിയ കലണ്ടർ യോഗം അംഗീകരിച്ചു. എ.ഡി.പി.െഎ ജിമ്മി ജോസ്, അധ്യാപക സംഘടന പ്രതിനിധികളായ സന്തോഷ്കുമാർ, എ.കെ. സൈനുദീൻ, വി.കെ. അജിത്കുമാർ, ശശികുമാർ, അബ്ദുൽ അസീസ് എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.