Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right65 വയസുള്ള സ്ത്രീയുടെ...

65 വയസുള്ള സ്ത്രീയുടെ വാക്കുകളാണെന്ന് കരുതി തള്ളിക്കളയാമായിരുന്നു; ആർ.എൽ.വിക്കെതിരായ പരാമർശത്തിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് സത്യഭാമ

text_fields
bookmark_border
65 വയസുള്ള സ്ത്രീയുടെ വാക്കുകളാണെന്ന് കരുതി തള്ളിക്കളയാമായിരുന്നു; ആർ.എൽ.വിക്കെതിരായ പരാമർശത്തിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് സത്യഭാമ
cancel

തിരുവനന്തപുരം: സൈബർ ആക്രമണം നേരിടുന്നുവെന്ന് പരാതിപ്പെട്ട് നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ അധിക്ഷേപ ​പ്രയോഗം നടത്തിയ സത്യഭാമ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. തന്റെ പരാമർശം ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും അവർ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിൽ വിശദീകരണവുമായി സത്യഭാമ രംഗത്തുവരുന്നത്. താൻ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു അവർ ഇതുവരെ. മാത്രമല്ല, അധിക്ഷേപങ്ങൾ തുടരുകയും ചെയ്തു.

ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറഞ്ഞത്.

അതേസമയം, ചാനൽ ചർച്ചകളിൽ പോലും വിളിച്ചുവരുത്തി ക്രൂരമായി അധിക്ഷേപിക്കുകയാണ്. ഞാൻ പറഞ്ഞത് വളച്ചൊടിക്കുകയാണ് ചെയ്തത്. അറുപത്തിയാറ് വയസ്സുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതൊന്നും സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

DNA ന്യൂസ് മലയാളം' എന്ന ഓണ്‍ലൈന്‍ ചാനലില്‍ ഞാന്‍ നടത്തിയ ഒരു പരാമര്‍ശമാണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം? ഞാന്‍ ജാതീയമായും വംശീയമായുമൊക്കെ ആക്ഷേപിച്ചു എന്ന തരത്തിലാണ് പലരും എന്റെ വാക്കുകളെ വളച്ചൊടിച്ചത്. എനിക്ക് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. ശ്രീകുമാരന്‍ തമ്പിയൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വിധികര്‍ത്താവായിരുന്ന ഷാജിയുടെ ആത്മഹത്യയെക്കുറിച്ചായിരുന്നു പ്രധാനമായും ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍, കലോത്സവത്തിലെ കള്ളക്കളികളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായില്ല. ആരും വിവാദമാക്കിയില്ല. നിങ്ങള്‍ ആ അഭിമുഖം പൂര്‍ണ്ണമായി കാണണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഞാന്‍ മാധ്യമങ്ങളോട് രൂക്ഷമായ തരത്തില്‍ പ്രതികരിച്ചു എന്നാണല്ലോ പലരുടെയും ആരോപണം? ഞാനൊരു കാര്യം നിങ്ങളോട് ചോദിച്ചോട്ടെ....'നിങ്ങള്‍ എന്തെങ്കിലുമൊരു വിവാദത്തില്‍ പെട്ടു എന്ന് കരുതുക. അതിരാവിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നുപറഞ്ഞ് ഒരുകൂട്ടമാളുകള്‍ നിങ്ങളുടെ വീട്ടില്‍ക്കയറി വന്ന്, നിങ്ങളോട് ഒരു കുറ്റവാളിയോട് പോലീസ് പെരുമാറുന്ന രീതിയില്‍ സംസാരിച്ചാല്‍...നിങ്ങളെ പ്രകോപിപ്പിച്ചാല്‍, നിങ്ങളാണെങ്കില്‍ എങ്ങനെ പ്രതികരിക്കും? ഒരു സാധാരണ മനുഷ്യന്‍ ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്‍റെ അമ്മയ്ക്ക് വിളിച്ചു. അറുപത്തിയാറ് വയസ്സുണ്ട് എനിക്ക്. ആ എന്നെയാണ് ചില മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി വന്ന് അധിക്ഷേപിച്ചത്. അതുകൊണ്ടാണ് കുറച്ച് രൂക്ഷമായ ഭാഷയില്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ഒരു മദ്യപാനിയോ തലയ്ക്ക് വെളിവില്ലാത്തയാളോ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍, ഞാനത് ഉള്‍ക്കൊള്ളുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിനോടാണെങ്കില്‍ ഇവരിങ്ങനെ ചെയ്യുമായിരുന്നോ? ഞാന്‍ പറഞ്ഞത് പലര്‍ക്കും തെറ്റായി തോന്നിയേക്കാം. അതേക്കുറിച്ച് ഒടുവില്‍ പറയാം. ചാനല്‍ ചര്‍ച്ചകളില്‍പ്പോലും എന്നെ ക്ഷണിച്ചുവരുത്തി എത്ര ക്രൂരമായ തരത്തിലാണ് അധിക്ഷേപിച്ചതെന്ന് നിങ്ങളും കണ്ടതാണല്ലോ? ഞാന്‍ നടത്തിയ ഒരു പരാമര്‍ശത്തിന്, എന്തിനാണ് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന 'മാന്യ സ്ത്രീകള്‍' ഉള്‍പ്പെടെയുള്ളവര്‍ എന്റെ കുടുംബകാര്യങ്ങളെയും, സ്വകാര്യതകളെയും വലിച്ചിഴച്ചത്? എന്തുകൊണ്ടാണ് അവതാരകര്‍ അവരെ തടയാതിരുന്നത്? അപ്പോള്‍, അതൊരു 'മൃഗയാവിനോദം' ആയിരുന്നില്ലേ?

എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമല്ലേ നമ്മുടേത്? അതോ, ആ അഭിപ്രായ സ്വാതന്ത്ര്യം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണോ? ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത, അതിക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഞാന്‍ വിധേയയായത്.സ്വന്തം യൂട്യൂബ് ചാനലിന്റെ കാഴ്ച്ചക്കാരെ വര്‍ധിപ്പിക്കാന്‍ എന്നെ കുറിച്ച് ഒന്നും അറിയാത്ത ചിലര്‍ അസഭ്യം വിളിച്ചു പറയുന്നത് കണ്ടു, ഇവര്‍ക്കൊന്നും ഞാന്‍ എന്നെകുറിച്ച് ഒന്നും അറിയാത്തവരാണ്. വായില്‍ വെള്ളിക്കരണ്ടിയുമായിട്ടൊന്നുമല്ല ഞാന്‍ ജനിച്ചത്. കനല്‍ വഴികളില്‍ക്കൂടിയാണ് ഞാനിത്രയും കാലം നടന്നുവന്നത്.

ഈ അറുപത്തിയാറാമത്തെ വയസ്സിലും നൃത്ത വിദ്യാലയം നടത്തിയാണ് ഞാന്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നത്. ആരുടെ മുന്നിലും ഒന്നിനും, ഒരുനേരത്തെ ആഹാരത്തിന് പോലും കൈനീട്ടിയിട്ടില്ല ഇതുവരെ. ഇനിയതിന് താല്‍പ്പര്യവുമില്ല. ഞാന്‍ ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്മെന്‍റിന്‍റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ ഞാന്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നെ അതിക്രൂരമായി ആക്ഷേപിച്ചവര്‍ ഒരുനിമിഷം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം...'നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ' എന്ന്. അറുപത്തിയാറ് വയസ്സുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി നിങ്ങള്‍ക്കതിനെ തള്ളിക്കളയാമായിരുന്നു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ആ അഭിമുഖത്തില്‍ പറഞ്ഞതൊന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber AttackKalamandalam SatyabhamaLatest Kerala News
News Summary - Satyabhama says she is facing cyber attacks
Next Story