ജാതി അധിക്ഷേപം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: ആർ.എൽ.വി രാമകൃഷ്ണനെ അപമാനിച്ച കേസിൽ നൃത്താധ്യാപിക സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ബന്ധപ്പെട്ട കോടതിയിൽ ഹാജരായി അവിടെ ജാമ്യാപേക്ഷ നൽകണമെന്നായിരുന്നു ഹൈകോടതി നിർദേശം. തിരുവനന്തപുരം എസ്.സി-എസ്.ടി കോടതിയാണ് ആർ.എൽ.വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്. സത്യഭാമ ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം എസ്.സി,എസ്.ടി കോടതിയിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹരജി എസ്.സി, എസ്.ടി കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി.
നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. ഇതിനെതിരെ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പട്ടിക ജാതി-പട്ടിക വർഗ അതിക്രമം തടയൽ നിയപ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തത്.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് ആൽ.എൽ.വി രാമകൃഷ്ണൻ. അധിക്ഷേപം വിവാദമായപ്പോൾ അത് വിശദീകരിച്ചപ്പോഴും സത്യഭാമ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ മാപ്പുപറയുകയും ചെയ്തിരുന്നു. വിവാദത്തിൽ നിരവധി പേരാണ് ആർ.എൽ.വിക്കു പിന്തുണയുമായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.