ബിഷപ്പ് പാംപ്ലാനിക്കെതിരെ അങ്കമാലി അതിരൂപതയുടെ സത്യദീപം മുഖപത്രം: 300 രൂപ കിട്ടിയാൽ റബർ കർഷകരുടെ പ്രശ്നം തീരുമോ?
text_fieldsകൊച്ചി: തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടേത് പരാജയപ്പെട്ട പ്രസ്താവനയെന്ന് എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. പാംപ്ലാനിയുടെ രാഷ്ട്രീയ പ്രസ്താവന കർഷകർക്ക് തിരിച്ചടിയായെന്ന് വ്യാഴാഴ്ച പുറത്തിറങ്ങിയ സത്യദീപത്തിന്റെ മുഖപ്രസംഗം അഭിപ്രായപ്പെടുന്നു.
കർഷകർക്ക് ദുരിതം മാത്രം സമ്മാനിച്ച കേന്ദ്ര സർക്കാറിന് നേതൃത്വം നൽകുന്ന ബി.ജെ.പിക്ക് മലയോരജനത എം.പിയെ നൽകിയാൽ എല്ലാം പരിഹാരമാകും എന്ന ധാരണ തികച്ചും ബാലിശമാണ്. കൃഷിയുടെ കുത്തകവത്കരണം നയമായി സ്വീകരിച്ച സർക്കാറിനെതിരെ നടന്ന ഒരുവർഷം നീണ്ട കർഷകസമരത്തെക്കുറിച്ച് ആ വേദിയിൽ പിതാവിനെ ആരും ഓർമപ്പെടുത്താത്തത് കഷ്ടമായിപ്പോയി. റബർ വില മുന്നൂറായാൽപോലും അടിക്കടി ഉയരുന്ന ഇന്ധനവില വർധനമൂലം ജീവിതച്ചെലവ് പെരുകുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവിതം മെച്ചമാകുമോ എന്നും സത്യദീപം ചോദിക്കുന്നു.
രണ്ടു വർഷം മുമ്പ് വെള്ളം കിട്ടാതെ തലോജ സെൻട്രൽ ജയിലിൽ തൊണ്ടപ്പൊട്ടിത്തീർന്ന സ്റ്റാൻ സ്വാമിയെയും ആയിരത്തോളം ക്രൈസ്തവർ ആർ.എസ്.എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടിവന്ന നാരായൺപുർ സംഭവവും ഇത്രവേഗം മറക്കാമോ എന്നും രാജ്യമാകെ ക്രൈസ്തവർക്കെതിരെ അക്രമസംഭവങ്ങൾ കഴിഞ്ഞ വർഷം മാത്രം 550 കടന്നതും എഡിറ്റോറിയൽ ഓർമിപ്പിക്കുന്നു.
ഉത്തരവാദിത്തപ്പെട്ട ഏത് രാഷ്ട്രീയ പാർട്ടിയുമായും സഭ നേതൃത്വത്തിന് ചർച്ചയാകാം. പക്ഷേ, അതിനുള്ള കാരണവും അതിലെ കാര്യവും വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണം. കർഷകരുടെ ആത്മാഭിമാനത്തെ വെറും 300 രൂപക്ക് പണയംവെക്കുന്ന നിലപാട് നിരുത്തരവാദപരമാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാറിന് കത്തോലിക്ക സഭയുടെ ചെലവിൽ കേരളത്തിൽനിന്ന് പിന്തുണയുറപ്പാക്കുന്ന പ്രസ്താവന ഇനിയും പിൻവലിക്കപ്പെട്ടിട്ടില്ലായെന്നത് ഭരണഘടന സ്നേഹികളെ ആശങ്കയിലാഴ്ത്തുന്നതാണ്.
കുറച്ചുകാലമായി സഭ വേദികളിൽ തുടരുന്ന ബി.ജെ.പി അനുകൂല മൃദുസമീപനങ്ങളുടെ പരസ്യമായ വിളിച്ചുപറയലായി ഈ പ്രസ്താവനയെ വിലയിരുത്തുന്നവരുണ്ട്. കേരളത്തിൽ മാത്രം മാറ്റിവായിക്കുന്ന ‘വിചാരധാര’ ഉണ്ടാകാനിടയില്ലാത്തതിനാൽ ഇത്തരം അവിശുദ്ധ ബന്ധങ്ങൾ ക്രൈസ്തവരിലെ സാധാരണക്കാരെ അസ്വസ്ഥരാക്കുന്നുമുണ്ട്. അവകാശ സംരക്ഷണമാകാം. അത് ഏത് വിധേനയും എന്നത് പ്രശ്നമാണ്; പ്രശ്നമാകണം എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.