സത്യനാഥിന്റെ സംസ്കാരം ഏഴുമണിക്ക്; കൊയിലാണ്ടിയിൽ ഹർത്താൽ തുടങ്ങി
text_fieldsകൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ കൊല്ലപ്പെട്ട സി.പി.എം ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥി(64)ന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാത്രി ഏഴുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ഏരിയയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പകൽ 12ന് വെങ്ങളത്തു നിന്നാരംഭിക്കും. തുടർന്ന് തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിൽ അന്ത്യാജ്ഞലി അർപ്പിച്ച ശേഷം വൈകീട്ട് മൂന്ന് മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. അഞ്ച് മണിക്ക് വീട്ടിലെത്തിക്കും.
ഇന്നലെ രാത്രി 10ന് പെരുവട്ടൂരിലെ ചെറിയപുരം ക്ഷേത്രോത്സവത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് സത്യനാഥ് കൊല്ലപ്പെട്ടത്. മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം കൂടിയായ പെരുവട്ടൂർ സ്വദേശി അഭിലാഷ് (33) ആണ് കൊലപ്പെടുത്തിയത്. ഇയാളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഭിലാഷ് മഴുകൊണ്ട് വെട്ടിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശരീരത്തിലാകമാനം മുറിവുണ്ട്. ഗുരുതരമായി പരിക്കേറ്റ സത്യനാഥിനെ നാട്ടുകാർ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു.
ലതികയാണ് സത്യനാഥിന്റെ ഭാര്യ. മക്കൾ: സലിൽ നാഥ്, സലീന. സഹോദരങ്ങൾ: വാരിജാക്ഷൻ, വിജയൻ, രഘുനാഥ്, സുനിൽകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.