കൊച്ചിയിൽ നിന്ന് ഇന്നുമുതൽ സൗദി വിമാനം
text_fieldsനെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽനിന്ന് കൂടുതൽ രാജ്യാന്തര സർവിസുകൾ. രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് നിബന്ധനകളിൽ സൗദി അറേബ്യ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേരളത്തിൽനിന്ന് സൗദിയ എയർലൈൻസ് ഞായറാഴ്ച സർവിസ് പുനരാരംഭിക്കും.
സൗദി വിമാനം 'എസ്.വി. 3575' ഞായറാഴ്ച പുലർച്ച 395 യാത്രക്കാരുമായി ജിദ്ദയിലേക്ക് പുറപ്പെടും. ഈയാഴ്ച മാത്രം സൗദിയ കൊച്ചിയിൽനിന്ന് മൂന്ന് സർവിസുകൾ നടത്തും. സൗദി വിമാനത്തിനുപുറമെ 21 രാജ്യാന്തര സർവിസുകൾ ഞായറാഴ്ച കൊച്ചിയിൽനിന്നുണ്ടാകും. ഇതിൽ അഞ്ചെണ്ണം ദോഹയിലേക്കും നാലുവീതം ഷാർജ, ദുബൈ എന്നിവിടങ്ങളിലേക്കും ഒന്ന് ലണ്ടനിലേക്കുമാണ്.
സെപ്റ്റംബർ രണ്ടുമുതൽ ഇൻഡിഗോ സൗദി വിമാന സർവിസ് നടത്തും. അന്താരാഷ്ട്രതലത്തിൽ യാത്രക്കാരുടെ എണ്ണത്തിലെ വർധന കൊച്ചി വിമാനത്താവളത്തിൽ പ്രതിഫലിച്ചുതുടങ്ങി. ഞായറാഴ്ച മാതം 6069 രാജ്യാന്തര യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലുടെ കടന്നുപോകും. ഇവരിൽ 4131 പേർ വിദേശത്തേക്ക് പോകുന്നവരാണ്. കൂടുതൽ സർവിസുകൾ തുടങ്ങാൻ വിവിധ വിമാനകമ്പനികളുമായി ചർച്ച തുടങ്ങിയിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു.
ഗൾഫ് മേഖലയിലേക്ക് കൊച്ചിയിൽനിന്ന് കൂടുതൽ സർവിസുകൾക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി വിമാനകമ്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുഗമമായി യാത്രചെയ്യാൻ നടപടികൾ സിയാൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.