ലെവിയിൽ ഇളവ് വരുമോ? മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയോടെ പ്രവാസികൾ
text_fieldsറിയാദ്: സൗദിഅറേബ്യയിൽ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഏർപ്പെടുത്തിയ ലെവി സംബന്ധിച്ച് സന്തോഷ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന തൊഴില്‍ മന്ത്രിയുടെ പരാമർശങ്ങളിൽ പ്രതീക്ഷയോടെ പ്രവാസികൾ. ഈ വര്‍ഷം ജനുവരി മുതലുള്ള വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതി, വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവി എന്നിവയില്‍ സന്തോഷ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്നാണ് തൊഴില്‍ മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാന്‍ അൽറാജ്ഹി പറഞ്ഞത്. കിഴക്കന്‍ പ്രവിശ്യയില്‍ തൊഴില്‍ കോടതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇത് പ്രകാരം തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യ വര്‍ധിത നികുതി എന്നിവയിലാകും നിര്‍ണായക തീരുമാനമുണ്ടാവുക എന്നാണ് സൂചന.
കാരണം ഇതാണ്
വിപണിയെ നേരിട്ട് ബാധിക്കുന്ന പ്രധാന പ്രശ്നം. ഒന്നിച്ചടക്കുന്ന തുക ഘട്ടം ഘട്ടമായി അടക്കാനോ മാസാന്തം അടക്കാനോ ഇളവ് വരുത്താനോ ശ്രമം ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കണം. ആശ്രിത ലെവിയില്‍ (കുടുംബത്തിനുള്ള ലെവി) ആദ്യഘട്ടത്തിലുണ്ടായിരുന്ന ചാർജ് മാത്രം നിലനിർത്താനോ അല്ലെങ്കിൽ വർഷം ഒന്നിച്ച് അടക്കുന്നതിന് പകരം പ്രതിമാസം സംഖ്യ അടക്കുന്ന രീതി നടപ്പിലാക്കാനോ ഉള്ള ആവശ്യം മന്ത്രി രാജാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ലെവി ഇളവുകള്‍ ആവശ്യപ്പെട്ട് രാജാവിന് സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ചെറിയ മാറ്റം പോലും ഗുണകരമാകും എന്നതിനാല്‍ പ്രതീക്ഷയിലാണ് പ്രവാസികള്‍. സൗദിയില്‍ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഇരട്ടിക്കുന്ന രീതിയില്‍ ലെവി നിലവിലുണ്ട്. ഇതോടെ പല ചെറുകിട സ്ഥാപനങ്ങള്‍ക്കും താഴിട്ടു. ചിലര്‍ ജീവനക്കാരെ വെട്ടിക്കുറച്ചു. ശരാശരി ശമ്പളമുള്ളവരെല്ലാം കുടുംബത്തെ ലെവി കാരണം മടക്കി അയച്ചു. ഇതിെൻറ പ്രതിഫലനം വിപണിയിലുണ്ടായി. ഇതോടെ ലെവി വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തൊഴില്‍ മന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം രാജാവിനെ അറിയിക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ടായി. ഇതിന് പിന്നാലെയാണ് പ്രതീക്ഷ നല്‍കുന്ന തൊഴില്‍ മന്ത്രിയുടെ വാക്കുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.