സൗദി വിസ സ്റ്റാമ്പിങ് ഇനി കോഴിക്കോട്ടും; വി.എഫ്.എസ് കേന്ദ്രം ആരംഭിച്ചു
text_fieldsകോഴിക്കോട്: സൗദിയിലേക്ക് വിസ സ്റ്റാമ്പിങ്ങിനുള്ള വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സെന്റര്‍) കേന്ദ്രം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. മലബാറില്‍നിന്നുള്ള യാത്രക്കാരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ നടപ്പായത്. സൗദി വിസ അപേക്ഷകർക്ക് വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തില്‍നിന്ന് സമയം നല്‍കിത്തുടങ്ങി.
കേരളത്തില്‍ നേരത്തെ കൊച്ചിയില്‍ മാത്രമാണ് വി.എഫ്.എസ് കേന്ദ്രം ഉണ്ടായിരുന്നത്. സന്ദർശക വിസ അടക്കമുള്ളവക്ക് അപേക്ഷിക്കുന്നവര്‍ കൊച്ചിയില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണമായിരുന്നു. ഇത് മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. കോഴിക്കോട്ട് കേന്ദ്രം വന്നതോടെ മലബാർ മേഖലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമായി. സെന്‍ട്രല്‍ ആര്‍ക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന വിലാസത്തിലാണ് കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് മിനി ബൈപ്പാസ് റോഡിലാണിത്. vc.tasheer.com എന്ന വെബ്‌സൈറ്റില്‍ കോഴിക്കോട് വഴിയുള്ള ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച രാത്രി 12 മണി മുതലാണ് കോഴിക്കോടുനിന്ന് ബുക്കിങ് ആരംഭിച്ചത്. 10 മുതൽ ഇവിടെനിന്ന് ബയോമെട്രിക് വെരിഫിക്കേഷന് സമയം നൽകിത്തുടങ്ങി. മുംബൈ കോണ്‍സുലേറ്റിന്റെ കീഴിലാണ് കോഴിക്കോട് ഓഫിസ്.
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ്ങിന് വി.എഫ്.എസ് സെന്ററുകളില്‍ ബയോമെട്രിക് വിവരം നല്‍കണമെന്ന് സൗദി നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കഴിഞ്ഞ മേയ് ഒന്നു മുതൽ ടൂറിസ്റ്റ് , റെസിഡന്‍സ്, സ്റ്റുഡന്റ്‌സ് വിസകൾ സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് വഴി മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. നേരത്തെ സൗദി വിമാനത്താവളത്തിൽവെച്ചാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വിസക്ക് അപേക്ഷിക്കുമ്പോൾതന്നെ നൽകണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.