പിണറായി കൂട്ടക്കൊല: സൗമ്യ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
text_fieldsതലശ്ശേരി: പിണറായി പടന്നക്കരയിൽ മാതാപിതാക്കെളയും മകളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വണ്ണത്താൻവീട്ടിൽ സൗമ്യയെ (28) കണ്ണൂർ ജെ.എഫ്.സി.എം കോടതി നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ നാലുമാസത്തിനുള്ളിൽ മൂന്നുപേരെ കൂട്ടക്കൊല ചെയ്തുവെന്ന് സൗമ്യ കുറ്റസമ്മതം നടത്തിയിരുന്നു.
റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് കണ്ണൂർ വനിത ജയിലിൽനിന്ന് കനത്ത സുരക്ഷയിലാണ് തിങ്കളാഴ്ച രാവിലെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തലശ്ശേരിയിലെ മജിസ്ട്രേറ്റ് അവധിയിലായതിനാലാണ് പകരം ചുമതലയുള്ള കണ്ണൂർ കോടതിയിൽ പ്രതിയെ ഹാജരാക്കിയത്.
സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്താൻ പ്രതി സൗമ്യക്ക് പരപ്രേരണയുണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. സൗമ്യയുമായി അടുത്ത് ഇടപഴകിയ കാമുകന്മാരുൾപ്പെടെയുള്ളവരെപ്പറ്റിയാണ് പൊലീസ് അന്വേഷിക്കുന്നത്. അത്തരക്കാരുടെ മൊബൈൽഫോൺ നമ്പറും സംഭാഷണവും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ മൂത്തമകൾ ഐശ്വര്യയുടെ (എട്ട്) മരണവും കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഇൗ കേസിലും പൊലീസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ വനിത ജയിലിലെത്തിയാണ് അറസ്റ്റ്. െഎശ്വര്യയുടെ കൊലപാതക കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന തലശ്ശേരി പൊലീസിെൻറ അപേക്ഷയാണ് കണ്ണൂർ കോടതി തിങ്കളാഴ്ച പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.