സവർക്കറുടെ പടം മറച്ചത് ഭീകരവാദികളെ പ്രീണിപ്പിക്കാൻ -കെ.സുരേന്ദ്രൻ
text_fieldsകോൺഗ്രസിന്റെ ജോഡോ യാത്രയിൽ സവർക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് ഇതെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കൊച്ചി നെടുമ്പാശ്ശേരിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ പടങ്ങളിൽ നിന്നും സവർക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോൺഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
സവർക്കറുടെ പടം വെച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാർട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണ്. സവർക്കറുടെ സ്റ്റാമ്പ് ഇറക്കിയ ഇന്ദിരഗാന്ധിയെ തള്ളിപറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുമോ? ആത്മാഭിമാനമുള്ള കോൺഗ്രസുകാർ ആ പാർട്ടിയിൽ നിന്നും പുറത്തുവരണം. ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വെച്ചാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്. ദേശവിരുദ്ധ ശക്തികളാണ് കോൺഗ്രസിന്റെ യാത്ര സ്പോൺസർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വർഗീയ വിദ്വേഷ സമ്മേളനത്തിനെതിരെ ഒരക്ഷരം പോലും ഒരു കോൺഗ്രസ് നേതാവും പറയുന്നില്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് കോൺഗ്രസ് യാത്രയിൽ ഉയർന്നു കേൾക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് നടത്തിയ അപകടകരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണം. മതനേതാക്കൾ പോലും ഇതിനെതിരെ രംഗത്ത് വന്നിട്ടും ഭരണപക്ഷവും പ്രതിപക്ഷവും മൗനത്തിലാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.