സവാദ് ഒളിവിൽ കഴിഞ്ഞത് മട്ടന്നൂരിൽ; ജോലി ആശാരിപ്പണി
text_fieldsകണ്ണൂർ: കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മട്ടന്നൂർ 19ാം മൈൽ ബേരത്ത്. ഭാര്യയും രണ്ട് മക്കൾക്കുമൊപ്പം വാടക വീട്ടിലായിരുന്നു താമസം.
എട്ടുമാസമായി ഇവിടെ താമസിക്കുന്ന ഇയാൾ ആശാരിപ്പണിയെടുത്താണ് ഉപജീവനം നടത്തിയത്. മറ്റ് പേരുകളാണ് പരിചയപ്പെടുന്നവരോട് പങ്കുവെച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് എൻ.ഐ.എ സംഘം ഇവിടെയെത്തിയത്. യൂനിഫോമിലും അല്ലാതെയുമുള്ള 20ഓളം പൊലീസുകാരുടെ അകമ്പടിയോടെയാണ് എൻ.ഐ.എ സംഘം വീട്ടിലെത്തിയത്.
അധികം താമസിയാതെ മുഖംമൂടിയിട്ട് കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു. കേസിലെ ഒന്നാം പ്രതിയാണ് പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകനും എറണാകുളം ഓടക്കാലി സ്വദേശിയുമായ സവാദ്. സംഭവം നടന്നതു മുതൽ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ വർഷം, സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴ ന്യൂമാൻ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് 2010 ജൂലൈ നാലിനാണ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയിൽ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.