ലഹരിക്കെതിരെ ജനകീയ ജാഗ്രത; ഇന്ന് മനുഷ്യച്ചങ്ങല
text_fieldsതിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ ജാഗ്രത ഉയർത്തുന്നതിന്‍റെ ഭാഗമായി കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി മനുഷ്യച്ചങ്ങല തീർക്കും. ഉച്ചകഴിഞ്ഞു മൂന്നിനാണ് വാർഡുകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് മനുഷ്യച്ചങ്ങല തീർക്കുക. സ്കൂളുകളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിലായിരിക്കും മനുഷ്യച്ചങ്ങല. 'ജീവിതമാണ് ലഹരി' എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി. ജനപ്രതിനിധികളും കായിക താരങ്ങൾ ഉൾപ്പെടെ പ്രമുഖരും അണിചേരും. വിദ്യാർഥികളും അധ്യാപകരും വ്യാപാരികളും കുടുംബശ്രീ പ്രവർത്തകരുമടക്കം പൊതുസമൂഹമാകെ പങ്കെടുക്കണമെന്നു സംസ്ഥാന സർക്കാർ അഭ്യർഥിച്ചു.
ഉച്ചയ്ക്ക് രണ്ടരക്ക് ഒത്തുചേർന്ന് ട്രയലിന് ശേഷമാണ് മൂന്നിനു ചങ്ങല തീർക്കേണ്ടത്. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിക്കുകയും കുഴിച്ചിടുകയും ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാൽലക്ഷം വിദ്യാർഥികളും ഇവിടെ അണിനിരക്കും.
പരിപാടിയിൽ ചൊല്ലാനുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ
മാനവരാശിയെ തകർക്കുന്ന മാരക വിപത്താണ് മയക്കുമരുന്ന് എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തെയും സമൂഹത്തെയും പൂർണമായി നശിപ്പിക്കുമെന്നും ഞാൻ മനസ്സിലാക്കുന്നു. ഞാനും എന്റെ സമൂഹവും ലഹരിയിൽ വീഴാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തും. 'ജീവിതമാണ് ലഹരി' എന്ന ആശയം ജീവിതത്തിൽ പകർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവിതത്തിൽ ഈ ആശയം പകർത്തുന്നതിന് ഞാൻ പ്രയത്നിക്കുകയും ചെയ്യും. 'ലഹരിമുക്ത നവ കേരളം' പടുത്തുയർത്തുവാൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ചു പ്രവർത്തിക്കുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.