പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍- വി.ഡി. സതീശൻ
text_fieldsകൊച്ചി: ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൂരം കലക്കിയതാണെന്ന് മന്ത്രിമാര്‍ വരെ നിയമസഭയില്‍ പറഞ്ഞതാണ്. പൂരം കലക്കിയതിനെ തുടര്‍ന്നാണ് കമീഷണറെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയത്. കമീഷണര്‍ അഴിഞ്ഞാടിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. അഞ്ച് മാസമായിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ എ.ഡി.ജി.പി അജിത് കുമാറിനെ തന്നെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ത്രിതല അന്വേഷണം നടക്കുകയാണ്.
ഗൂഡാലോചനയെ കുറിച്ച് ക്രൈബ്രാഞ്ച് മേധാവി വെങ്കിടേഷും അജിത്കുമാറിന്റെ പങ്കിനെ കുറിച്ച് ഡി.ജി.പിയും ഉദ്യോഗസ്ഥ വീഴ്ചയെ കുറിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് അന്വേഷിക്കുന്നത്. ത്രിതല അന്വേഷണം പ്രഖ്യപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നുമാണ്. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ്.
ത്രിതല അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറഞ്ഞാല്‍ മൂന്ന് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ എന്ത് പ്രസക്തിയാണുള്ളത്. അന്വേഷണത്തില്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
പൂരം കലക്കിയതല്ലെന്ന് സി.പി.ഐക്കാര്‍ പറയട്ടെ. സി.പി.ഐ മന്ത്രി കെ. രാജന്‍ പൂരം കലക്കിയതാണെന്നാണ് നിയമസഭയില്‍ പറഞ്ഞത്. തൃശൂരിലെ എല്‍.ഡി.എഫ് എം.എല്‍.എ ബാലചന്ദ്രനും നിയമസഭയില്‍ പറഞ്ഞത് പൂരം കലക്കിയതാണെന്നാണ്. വത്സന്‍ തില്ലങ്കേരിയാണ് കലക്കിയതെന്നു പറഞ്ഞിട്ട് അയാള്‍ക്കെതിരെ കേസെടുത്തോ? മന്ത്രിമാരോട് പൊലീസ് പോകേണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ ആര്‍.എസ്.എസ് നേതാവിന്റെ അകമ്പടിയോടെ, മുന്നിലും പിന്നിലും പൊലീസുമായി നാടകീയമായി രംഗത്തിറക്കി. സുരേഷ് ഗോപിക്ക് സിനിമയില്‍ പോലും അഭിനയിക്കാത്ത തരത്തില്‍ നാടകീയമായി രംഗത്തെത്താന്‍ രക്ഷകവേഷം കെട്ടിച്ചത് ആരാണ്?
വെടിക്കെട്ട് മാത്രമല്ല മഠത്തില്‍ വരവും അലങ്കോലപ്പെട്ടു. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് എത്തിയപ്പോള്‍ റോഡില്‍ മുഴുവന്‍ വാഹനങ്ങളായിരുന്നു. പിറ്റേ ദിവസം തെക്കോട്ടിറക്കവും അലങ്കോലപ്പെട്ടു. പിറ്റേ ദിവസത്തെ വെടിക്കെട്ടിനു വേണ്ടി തലേദിവസം രാത്രി തന്നെ എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ജനങ്ങള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതെല്ലാം മുഖ്യമന്ത്രി മറച്ചു വെക്കുന്നത് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്.
കേസെടുത്താല്‍ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും. മുഖ്യമന്ത്രിയുടെ അറിവോടെ ബി.ജെ.പിയെ ജയിപ്പിക്കുന്നതിനു വേണ്ടി അജിത് കുമാര്‍ നേരിട്ടു പോയാണ് പൂരം കലക്കിയത്. കമ്മിഷണര്‍ നല്‍കിയ ബ്ലൂപ്രിന്റ് വലിച്ചെറിഞ്ഞ അജിത് കുമാര്‍ പൂരം കലക്കാനുള്ള ബ്ലൂപ്രിന്റാണ് പൊലീസിന് നല്‍കിയത്. എന്നിട്ടും അജിത്കുമാറിനെയാണ് പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു അന്വേഷണവും നിക്ഷ്പക്ഷമാകില്ല. അതുകൊണ്ടാണ് യു.ഡി.എഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്.
പൂരം കലക്കിയതാണെന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. അത് പിന്നീട് മന്ത്രിമാരും സി.പി.ഐ നേതാക്കളും ആവര്‍ത്തിച്ചു. പൂരം കലക്കിയതാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. പൂരം കലക്കിയതല്ലെങ്കില്‍ കമ്മിഷണറെ മാറ്റിയത് എന്തിനാണ്? പൂരം കലക്കിയപ്പോള്‍ അജിത് കുമാര്‍ തൃശൂരില്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞതും പ്രതിപക്ഷമല്ലേ? രാവിലെ 11 മുതല്‍ കമീഷണര്‍ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ?
സ്‌പെഷല്‍ ബ്രാഞ്ച് എവിടെയായിരുന്നു? മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നോ? ത്രിതല അന്വേഷണം നടത്തുന്നതിനിടയിലാണ് പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ അന്വേഷണം ആരെ കബളിപ്പിക്കാനാണ്? ബി.ജെ.പിയുമായി കൂട്ടു ചേര്‍ന്നാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. ക്ഷേത്രത്തെയും ആചാരത്തെയും കുറിച്ച് ക്ലാസെടുക്കുന്ന ബി.ജെ.പിയും പൂരം കലക്കാന്‍ കൂട്ടു നിന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.