സി.പി.എമ്മിനോട് കൈ കൂപ്പി പറയുന്നു, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത് -വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകരയില്‍ സി.പി.എം വര്‍ഗീയത പറയുന്നത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ഈ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. സി.പി.എം വർഗീയതക്കെതിരെ നാടൊരുമിക്കണമെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ്-ആർ.എം.പി ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ ഇത്ര ഇളകിയ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഒരു കാലത്തുമില്ലാത്ത ജനക്കൂട്ടമായിരുന്നു വടകരയിലേത്. ഞങ്ങള്‍ക്കാര്‍ക്കും കിട്ടാത്ത പിന്തുണയാണ് ഷാഫിക്ക് കിട്ടിയത്. ഞങ്ങള്‍ക്ക് പോലും അസൂയ തോന്നി. അപ്പോള്‍പിന്നെ സി.പി.എമ്മിന് അസൂയ തോന്നിയതില്‍ കുറ്റം പറയുന്നില്ല.
സി.പി.എം വര്‍ഗീയ പ്രചാരണങ്ങള്‍ തുടരുന്നത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ്. ഈ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടും എന്നതിന്റെ പ്രതിരോധവും സി.പി.എം തീര്‍ക്കുന്നു. മുസ്ലിം വിഷയങ്ങള്‍ ഉണ്ടായപ്പോള്‍ അതിനൊപ്പം നിന്ന ആളല്ല ഷാഫി എന്നായിരുന്നു പ്രചാരണം. ഒരു വിഭാഗത്തിനിടയിലാണ് ഈ സന്ദേശം പ്രചരിപ്പിച്ചത്.
പിന്നീട് ശ്രീനാരയണ ഗുരുവിന്റെ പ്രതിമക്ക് മുമ്പില്‍ നിന്നതിന് വിഗ്രഹാരാധന നടത്തുന്നയാളാണെന്ന് പറഞ്ഞ് മറ്റൊരു വിഭാഗത്തിന് സന്ദേശം അയച്ചു. അതും കഴിഞ്ഞാണ് അശ്ലീല വിഡിയോ പരാമര്‍ശം നടത്തിയത്. പിന്നീട് കാഫിര്‍ പരാമര്‍ശം വന്നു. എന്നാല്‍, ആരോപിതനായ വ്യക്തി അത് ചെയ്തില്ലെന്ന് വൈകാതെ തെളിഞ്ഞു.
സ്ഥാനാർഥി വിളിച്ചു എന്നാണ് പിന്നീട് പറഞ്ഞത്. വര്‍ഗീയ വിഭജനം ഉണ്ടാക്കാനുള്ള സി.പി.എമ്മിന്റെ ഗൂഢാലോചന ആയിരുന്നു അത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ സി.പി.എമ്മിനോട് കൈ കൂപ്പി പറയുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ ശ്രമിച്ചാലും അത് നടക്കില്ല. ഞങ്ങള്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് പ്രതിരോധിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.