Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലപ്പുറം എക്കാലത്തും ഇങ്ങനെയായിരുന്നു. അയൽപക്കത്തെ പട്ടിണി ഞങ്ങളുടെയും പട്ടിണിയാണ്
cancel
Homechevron_rightNewschevron_rightKeralachevron_right''മലപ്പുറം എക്കാലത്തും...

''മലപ്പുറം എക്കാലത്തും ഇങ്ങനെയായിരുന്നു. അയൽപക്കത്തെ പട്ടിണി ഞങ്ങളുടെയും പട്ടിണിയാണ്''

text_fields
bookmark_border

മലപ്പുറം: മലപ്പുറത്തിൻെറ നന്മകളെ പ്രകീർത്തിച്ച്​ മുസ്​ലിം യൂത്ത്​ലീഗ്​ സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ്​ തങ്ങൾ പങ്കുവെച്ച കുറിപ്പ്​ ശ്രദ്ധേയമാകുന്നു. കരിപ്പൂരിലുണ്ടായ വിമാന അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് 'ദി ടെലഗ്രാഫ്' പത്രം ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ്​ മുനവ്വറലി ശിഹാബ്​ തങ്ങളുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

മുനവ്വറലി ശിഹാബ്​ തങ്ങൾ പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പ്​:

ദേശീയ മാധ്യമങ്ങൾ പോലും മലപ്പുറത്തിന്റെ മനുഷ്യ സ്നേഹത്തെ വാഴ്ത്തിപ്പാടുമ്പോൾ അഭിമാനത്തോടെ മലപ്പുറത്തിന്റെ പ്രതിനിധികളിൽ ഒരാളായി വിനയത്തോടെ പറയട്ടെ ,

ഞങ്ങൾ എന്നും എക്കാലത്തും ഇങ്ങനെയായിരുന്നു . അയല്പക്കത്തെ പട്ടിണി ഞങ്ങളുടെയും പട്ടിണിയാണ് .

അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷിക്കരുതെന്ന പ്രവാചക വചനം ഞങ്ങളുടെ ചില്ലരമാരകളിലെ വിശുദ്ധ ഗ്രന്ഥങ്ങളിൽ വിശ്രമിക്കുകയല്ല , ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ..

സ്വജീവൻ ത്യജിച്ചും അപരന്ന് വേണ്ടി നില കൊണ്ട പൂർവ്വികരുടെ ചരിത്രം ഞങ്ങൾ പാടി പറയുക മാത്രമല്ല , നിത്യ ജീവിതത്തിൽ ആവർത്തിക്കുകയാണ് ..

നിരക്ഷരരായ പിന്നോക്ക സമൂഹം എന്ന പരിഹാസങ്ങൾ ഞങ്ങൾ അക്ഷര വിദ്യ കൊണ്ട് മറി കടന്നു കഴിഞ്ഞു.

കഥകളിലും ചലച്ചിത്രങ്ങളിലും ഞങ്ങളെ പ്രാകൃതരാക്കി അപ നിർമ്മിച്ച കുബുദ്ധികൾക്ക് മുൻപിൽ ഞങ്ങൾ സർഗ്ഗാത്മകമായി പ്രതികരിച്ചു മാതൃകയായി ..

ഇല്ലാ കഥകളുമായി ഞങ്ങളുടെ മത മൈത്രിയ്ക്കു മേൽ കരിഞ്ചായം പുരട്ടാൻ നോക്കിയവർക്ക് മുൻപിൽ ഞങ്ങൾ വർഗ്ഗീയത തെല്ലുമില്ലാതെ തോളോട് തോളുരുമ്മി നിന്നു . സ്വതന്ത്ര ഭാരതത്തിൽ തന്നെ ഏറ്റവും സമാധാന പൂർണ്ണമായ പരസ്പര സഹവർത്തിത്വത്തിന്റെ ഉജ്ജ്വല മാതൃക തീർത്തു ...

ആശങ്കയോടെ വന്നവർ ഞങ്ങളുടെ ആതിഥ്യ മര്യാദയും അനുകമ്പയും കണ്ട് ഞങ്ങളെ ആശ്ലേഷിച്ചു മടങ്ങി .

എത്ര കണ്ട് ഞങ്ങളെക്കുറിച്ച് വെറുപ്പ് പ്രകടിപ്പിച്ചുവോ, അത്ര കണ്ട് ഞങ്ങൾ സ്നേഹം കൊണ്ട് ജീവിതങ്ങളെ സാർത്ഥകമാക്കി ..

അഭിപ്രായ വ്യത്യാസങ്ങൾ ഏതുമുണ്ടെങ്കിലും ഞങ്ങളുടെ നാട്ടിൽ മനുഷ്യന്റെ ചോരയ്ക്ക് ഒരേ വിലയാണ് . അത് കൊണ്ട് തന്നെ ഞങ്ങളുടെ നാട്ടിൽ രാഷ്ട്രീയ കൊലകൾക്ക് സ്ഥാനമില്ല .

ഞങ്ങളിൽ വർഗ്ഗീയത ആരോപിച്ചവരൊക്കെയും കാലത്തിനു മുൻപിൽ സ്വയം പരിഹാസ്യരായി .

നോർത്തിന്ത്യയിൽ നിന്നുത്ഭവിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന് വേണ്ടി മലപ്പുറത്തെ ഒറ്റിക്കൊടുത്തവർ പോലും ഇന്ന് മലപ്പുറത്തിന്റെ നന്മ വാഴ്ത്താൻ നിർബന്ധിതരായത് കാലത്തിന്റെ കാവ്യ നീതി .

ഞങ്ങളുടെ ജീവിതത്തിൽ നിന്ന് വേറിട്ട ഒരു വിശ്വാസമോ വിശ്വാസത്തിൽ നിന്ന് വേറിട്ട ഒരു ജീവിതമോ അല്ല മലപ്പുറത്തിന്റെ നന്മകളുടെ അടിസ്ഥാനം . വിശ്വാസത്തെ ജീവിതമാക്കി ഞങ്ങൾ ജീവിച്ചു കാണിക്കുന്നതെന്താണോ, അതാണ് ഞങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlSayyid Munavvar Ali Shihab ThangalMalappuram News
Next Story