കെ.പി.എ മജീദിന്‍റെ സ്ഥാനാർഥിത്വം; സമവായത്തിലൂടെ പ്രശ്നം പരിഹരിക്കും - സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: തിരൂരങ്ങാടിയിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നും സമവായത്തിലൂടെ പ്രശ്നം പരിഹരിക്കുമെന്നും ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ. കുറ്റമറ്റ രീതിയിലും ജനാധിപത്യ മര്യാദകൾ പാലിച്ചുമാണ് സ്ഥാനാർഥി പട്ടിക തയാറാക്കിയത്. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് നല്ല അഭിപ്രായവുമാണ് ലഭിച്ചത്. കെ.പി.എ മജീദ് മത്സരിക്കുന്ന തിരൂരങ്ങാടിയിൽ മാത്രമാണ് പ്രതിഷേധമുണ്ടായത്. മണ്ഡലം കമ്മിറ്റിയുമായി ചർച്ച നടത്തും. സ്ഥാനാർഥിയെ നിശ്ചയിച്ച തീരുമാനം പുനഃപരിശോധിക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു
കെ.പി.എ മജീദിന് തിരൂരങ്ങാടി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ആറ് നഗരസഭ കൗൺസിലർമാർ അടക്കം നേതാക്കളും പ്രവർത്തകരും ഇന്ന് പാണക്കാട്ടെത്തിയിരുന്നു. ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി തങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പ്രവർത്തകർ അവരുടെ വികാരം അറിയിക്കുകയും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ലീഗ് മുൻസിപ്പൽ കമ്മിറ്റി ട്രഷറർ റഫീഖ് പാറക്കൽ, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻറ് സി.എച്ച് അബൂബക്കർ, തിരൂരങ്ങാടി നഗരസഭ കൗൺസിലർമാരായ സമീർ വലിയാട്ട്, ജാഫർ കുന്നത്തേരി, മുഹമ്മദലി അരിമ്പ്ര, മുസ്തഫ പാലാട്ട്, പാലക്കൽ ബാവ, അജാസ്, സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗവും എം.കെ ഹാജിയുടെ പേരക്കുട്ടിയുമായ അബ്ദുൽ ഹഖ് എന്നിവരുടെ നേതൃത്വത്തിൽ 200 ലധികം ആളുകളാണ് പാണക്കാട്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തിനുള്ളിൽ തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
മൂന്ന് തവണ ജയിച്ചവരെ ഒഴിവാക്കുന്നതിെൻറ ഭാഗമായി സിറ്റിങ് എം.എൽ.എയായ പി.കെ അബ്ദുറബ്ബിനെ പരിഗണിക്കുന്നില്ലെങ്കിൽ മണ്ഡലത്തിൽ നിന്നു തന്നെയുള്ള പി.എം.എ സലാമിനെ സ്ഥാനാർഥിയാക്കണമെന്നും പുറത്തു നിന്നുള്ളവരെ വേണ്ടെന്നും ലീഗ് മണ്ഡലം കമ്മിറ്റി നേതൃത്വത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.