ഉത്രാടനാളിൽ ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്ന് പാണക്കാട് സാദിഖലി തങ്ങൾക്ക് ഓണക്കോടി
text_fieldsമലപ്പുറം: ഉത്രാടനാളിൽ പാണക്കാട് സാദിഖലിതങ്ങൾക്ക് സാഹോദര്യത്തിന്റെ നൂലിഴകളിൽ തീർത്ത ഓണക്കോടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഓണക്കോടിയും ഓണാശംസകളുമായി ശ്രീദുർഗാ ഭഗവതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികൾ ഉത്രാടം നാളിൽ പാണക്കാട്ടെത്തി. രാവിലെ 9.45 ഓടെ സാദിഖലി തങ്ങൾക്ക് ഓണക്കോടിയും പാലട പ്രഥമനും ശർക്കര വരട്ടിയും ഉണ്ണിയപ്പവുമായാണ് സംഘം എത്തിയത്. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തന്ത്രി സാദിഖലി തങ്ങൾക്ക് കൊടുത്തയച്ച ഓണസന്ദേശത്തിൽ പറഞ്ഞു.
മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങൾ മുഖ്യാതിഥിയായി എത്തിയിരുന്നു. ആരാധനാലയങ്ങൾക്കകത്തെ സ്‌നേഹവും ആദരവും പുറത്തുമുണ്ടാവണമെന്നും മനുഷ്യനെ തിരിച്ചറിയാതെ ദൈവത്തെ തിരിച്ചറിയാൻ കഴിയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമായിരുന്നു.
മതങ്ങൾക്കിടയിൽ സ്‌നേഹവും വിശ്വാസവും വളർത്തേണ്ട കാലമായതുകൊണ്ടാണ് ഓണസന്ദേശവുമായി ജാതി മത ഭേദമില്ലാതെ തന്റെ ആത്മബന്ധുക്കളെ അയക്കുന്നന്നതെന്നും സന്ദേശത്തിൽ പറഞ്ഞു. ഐതിഹ്യപ്രകാരം പരശുരാമനാൽ അനുഗ്രഹീതമായ തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരി ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രിയാണ്.
മലബാർ ദേവസ്വം ബോർഡ് അംഗം കെ. ലോഹ്യയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ പൊതുപ്രവർത്തകരായ കെ.പി. നൗഷാദ് അലി, ശങ്കരൻ നമ്പീശൻ, തലയൂർ ഇല്ലത്ത് വിനയരാജൻ മൂസത്, മുതുവല്ലൂർ ദുർഗാ ഭഗവതി ക്ഷേത്രം ഭാരവാഹികളായ ചന്ദ്രൻ പുല്ലുത്തൊടി, ശശി രാജൻ, ജ്യോതിർ ബാബു, കെ പി ഗോപിനാഥൻ, ശിവദാസൻ കിഴക്കേപ്പാട്ട് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.