ഗർഭിണികൾക്ക് എസ്.ബി.ഐയിൽ നിയമന വിലക്ക്: വ്യാപക പ്രതിഷേധം
text_fieldsതിരുവനന്തപുരം: ഗർഭിണികൾക്ക് എസ്.ബി.ഐയിൽ നിയമന വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. നിർദേശം സ്ത്രീവിരുദ്ധവും ലിംഗ വിവേചനപരവുമാണെന്ന ആക്ഷേപം വിവിധ കോണുകളിൽ നിന്നുയർന്നു. 'മാധ്യമ' മാണ് എസ്.ബി.ഐയുടെ വിവാദ നിർദേശം പുറത്തുകൊണ്ടുവന്നത്.
എസ്.ബി.ഐ എംപ്ലോയീസ് അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, യുവജന കമീഷൻ എന്നിവ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നു. എസ്.ബി.ഐ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന യുവജന കമീഷൻ ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന തുല്യതക്കുള്ള അവകാശം, ലിംഗനീതി എന്നീ മൂല്യങ്ങളെ ദേശസാത്കൃത സ്ഥാപനമായ എസ്.ബി.ഐ തന്നെ ലംഘിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക. പരിഷ്കൃത ജനാധിപത്യസമൂഹത്തിന് യോജിക്കാത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ ജനറല്‍ മാനേജര്‍ക്ക് കമീഷൻ കത്തയച്ചു.എസ്.ബി.ഐ തീരുമാനം അപരിഷ്കൃതമാണെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടന വ്യവസ്ഥയുടെ ലംഘനമാണിത്. ഈ നിയമന വിലക്ക് വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഭാവി നിയമനങ്ങളിൽ മൂന്നു മാസത്തിലധികം ഗർഭവതികളായവരെ പ്രസവാനന്തരമേ ജോലിയിൽ പ്രവേശിക്കാനാകൂവെന്ന നിർദേശം സ്ത്രീവിരുദ്ധവും ലിംഗ വിവേചനപരവും അനീതിയുമാണെന്ന് ഓൾ ഇന്ത്യ എസ്.ബി.ഐ എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഉത്തരവ് എസ്.ബി.ഐയും കേന്ദ്ര സർക്കാറും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘടന കത്ത് നൽകി. ഗർഭധാരണം ജോലി പ്രവേശനത്തിന് അയോഗ്യതയാക്കുന്നത് അശാസ്ത്രീയമാണ്. ഇത് മാതൃത്വത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ഗർഭധാരണം സ്ത്രീയുടെ സ്വാഭാവിക ഉത്തരവാദിത്തമാണ്. സ്ത്രീകളുടെ തൊഴിലവകാശം ശാക്തീകരണ ഭാഗവുമാണ്. ഇതു രണ്ടും പരസ്പരപൂരകമായി കാണുന്നതിനുപകരം ഒന്നു മറ്റൊന്നിന് വിരുദ്ധമാക്കുന്നത് എല്ലാ അർഥത്തിലും നിഷേധാത്മകവും നീതിരഹിതവും ക്രൂരവുമാണെന്നും സംഘടന കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.