എസ്.ബി.െഎ പറഞ്ഞത് കള്ളം; ‘ബഡ്ഡി’ക്ക് എ.ടി.എം സൗകര്യമായില്ല
text_fieldsതൃശൂർ: എ.ടി.എം സേവനത്തിന് സൗജന്യം പിൻവലിച്ചത് എസ്.ബി.െഎ മൊബൈൽ വാലറ്റ് അക്കൗണ്ടായ ‘ബഡ്ഡി’ക്കാണെന്ന വിശദീകരണം കള്ളമാണെന്ന് വ്യക്തമാകുന്നു. ബഡ്ഡി ഇതുവരെ എ.ടി.എം സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് എസ്.ബി.െഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
അടുത്ത ജൂൺ മുതൽ അതിനുതകുന്ന ഒരു ആപ്പ് വികസിപ്പിക്കാനുള്ള നീക്കം നടക്കുന്നതേയുള്ളൂ. മാത്രമല്ല, ഇക്കാര്യത്തിൽ ബാങ്കുകൾക്കുള്ള ഒരു നിർദേശവും എസ്.ബി.െഎ ഇറക്കിയിട്ടില്ല. ഇതോടെ, സാധാരണ എ.ടി.എം ഇടപാടുകളെ ഉദ്ദേശിച്ചുതന്നെയാണ് എസ്.ബി.െഎ സർക്കുലറെന്ന് വ്യക്തം. കടുത്ത പ്രതിഷേധം ഉയർന്നതോടെ അത് പിൻവലിേക്കണ്ടിവന്നുവെന്നു മാത്രം.ജൂൺ ഒന്നുമുതൽ സർവിസ് ചാർജിൽ മാറ്റം വരുത്തുന്ന സേവനങ്ങൾ ഏതെല്ലാമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുന്ന സർക്കുലർ തന്നെയാണ് കഴിഞ്ഞ ദിവസം ഇറക്കിയത്.
െഎ.എം.പി.എസ് (ഇമ്മീഡിയറ്റ് ഫണ്ട് ട്രാൻസ്ഫർ), എ.ടി.എം-ബിസിനസ് കറസ്പോണ്ടൻറ് സർവിസ് ചാർജ്, മുഷിഞ്ഞ നോട്ടുകൾ മാറ്റാനുള്ള സർവിസ് ചാർജ്, 10,000 രൂപ വരെയുള്ള ഇടപാടുകൾ നടത്തുന്ന ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ നാല് ഇനങ്ങൾ വേർതിരിച്ച് അവയുടെ സർവിസ് ചാർജിൽ വരുത്തുന്ന മാറ്റം എന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ. ഏർപ്പെടുത്താത്ത ഒരു സേവനത്തിന് സർവിസ് ചാർജ് നിശ്ചയിക്കുന്നതിനുമുമ്പ് അതിൽ മാറ്റം വരുത്തുന്ന കാര്യം പറയേണ്ടതുണ്ടോ എന്ന ചോദ്യമാണ് ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്.
ഏപ്രിൽ ഒന്നുമുതൽ മിനിമം ബാലൻസ് ഉൾപ്പെടെ വിവിധ മാറ്റങ്ങൾ എസ്.ബി.െഎ പ്രഖ്യാപിച്ചിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസം സർക്കുലർ വന്നത്. ഏപ്രിൽ ഒന്നിലെ പ്രഖ്യാപനത്തിൽ എതിർപ്പുണ്ടായെങ്കിലും ബാങ്കിന് തിരുത്തൽ വേണ്ടിവന്നില്ല. കഴിഞ്ഞ ദിവസത്തെ സർക്കുലറിൽ ചില മാറ്റങ്ങൾ വരുത്തുന്നുവെന്നും തിരുത്തൽ വരുത്തുന്നുവെന്നും മറ്റുമാണ് ബാങ്ക് പറഞ്ഞത്. യഥാർഥത്തിൽ; പ്രതിഷേധം കനത്താൽ പിൻവലിക്കാൻ ലക്ഷ്യമിട്ടുതന്നെയാണ് ബാങ്ക് എ.ടി.എം ഇടപാടുകാരെ കൊള്ളയടിക്കുന്ന ഇത്തരമൊരു സർക്കുലർ തയാറാക്കിയതെന്ന് ബാങ്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉറപ്പിച്ചുപറയുന്നു. കേരളത്തിലാണ് ഏറ്റവുമധികം പ്രതിഷേധം ഉണ്ടായത്. പ്രത്യേകിച്ചും എസ്.ബി.ടിയെ വിഴുങ്ങിയ പശ്ചാത്തലത്തിൽ എസ്.ബി.െഎക്കെതിരെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ‘ടെസ്റ്റ് ഡോസ്’ ശക്തമായ പ്രതികൂല പ്രതികരണത്തിന് ഇടയാക്കിയതോടെ അതിൽ സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന ഒരു നിർദേശം പിൻവലിച്ച് തിരുത്തിയതായി വരുത്തി. അതേസമയം, മറ്റെല്ലാ നിർദേശങ്ങളും നിലനിർത്തുകയും ചെയ്തു.
എസ്.ബി.െഎയുടെ കേരള സർക്കിൾ ജനറൽ മാനേജർ വിളിച്ച യോഗം വെള്ളിയാഴ്ച മൂന്നാറിൽ തുടങ്ങിയിട്ടുണ്ട്. പുതിയ സർക്കുലറിനുമുമ്പ് വിളിച്ച യോഗമാണെങ്കിലും അതുണ്ടാക്കിയ പ്രതികരണങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നതെന്ന് അറിയുന്നു. ശനിയാഴ്ച സമാപിക്കുന്ന യോഗത്തിൽ റീജനൽ മാനേജർമാരും ചീഫ് ജനറൽ മാനേജർമാരും അടക്കമുള്ളവർ പെങ്കടുക്കുന്നുണ്ട്.
നയപരമായ തീരുമാനങ്ങളൊന്നും എടുക്കാൻ അധികാരമില്ലെങ്കിലും എസ്.ബി.ടി ലയനവും മിനിമം ബാലൻസ് വ്യവസ്ഥയും ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ഇറക്കിയ സർക്കുലറും ഉണ്ടാക്കിയ പ്രതികരണങ്ങളാണ് ചർച്ചക്ക് പ്രധാന വിഷയങ്ങൾ. ഇവയുമായി ബന്ധപ്പെട്ട് യോഗത്തിൽ ഉയരുന്ന നിർദേശങ്ങൾ എസ്.ബി.െഎ മേധാവികൾക്ക് സമർപ്പിക്കുമെന്നും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.