സംഭരണ തുക നൽകാൻ എസ്.ബി.ഐ തയാറാകുന്നില്ല; കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
text_fieldsപാലക്കാട്: നെൽകൃഷി പ്രോത്സാഹിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം വിശ്വസിച്ച് കൃഷിയിറക്കിയ നെൽകർഷകർ ദുരിതത്തിൽ. ഒന്നാം വിളവെടുപ്പ് അവസാനിക്കാറായിട്ടും നെല്ല് സംഭരണം ത്വരിതഗതിയിലാക്കുന്നതിൽ സിവിൽ സപ്ലൈസ് കോർപറേഷനും കൃഷിവകുപ്പും പരാജയപ്പെട്ടതോടെയാണ് കർഷകർ വലഞ്ഞത്. ഒന്നാംവിള കൊയ്ത്ത് പൂർത്തിയാകാറായിട്ടും 800 ടൺ മാത്രമാണ് സപ്ലൈകോ സംഭരിച്ചത്. ലക്ഷം ടണ്ണായിരുന്നു ലക്ഷ്യം. സംഭരണത്തിലെ മെല്ലെപ്പോക്ക് തുടരുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുടമകൾക്ക് നൽകേണ്ട ഗതികേടിലാണ് കർഷകർ. ഈ സീസണിൽ ഏകദേശം 30 കോടി രൂപയാണ് സ്വകാര്യ മില്ലുടമകൾ കർഷകരെ ചൂഷണം ചെയ്ത് അമിതലാഭം കൊയ്തത്. 23.30 രൂപ നിരക്കിലാണ് സപ്ലൈകോ സംഭരിക്കുന്നതെങ്കിൽ ശരാശരി 17 രൂപക്കാണ് സ്വകാര്യമില്ലുടമകൾ കർഷകരിൽനിന്ന് സംഭരിച്ചത്. നെല്ല് സംഭരണത്തിന് കഴിഞ്ഞ ബജറ്റിൽ 700 കോടി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
ഒക്ടോബർ ഒന്ന് മുതൽ സംഭരണം ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, സംഭരിച്ച നെല്ല് അരിയാക്കി സിവിൽ സപ്ലൈസ് കോർപറേഷെൻറ ഗോഡൗണിൽ എത്തിച്ച് ഗുണമേന്മ പരിശോധന നടത്തണമെന്ന സർക്കാർ നിലപാട് മില്ലുടമകൾ അംഗീകരിക്കാത്തതോടെ സംഭരണം നീണ്ടു. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചപ്പോഴേക്കും ഏറെ വൈകി. പാലക്കാട് ജില്ലയിൽ പാഡികോ സംഭരണം നാമമാത്രമായിരുന്നു. അപ്രതീക്ഷിതമായി മഴയുമെത്തിയത് ഇരുട്ടടിയായി. നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകാൻ മില്ലുടമകളും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം.
സംഭരണം ആരംഭിച്ചെങ്കിലും കർഷകർക്ക് പണം നൽകേണ്ട കാര്യത്തിൽ എസ്.ബി.ഐ ഉടക്കിട്ടു. സപ്ലൈകോയുടെ ധനകാര്യ ശേഷിയിൽ വിശ്വാസമില്ലാത്തതിനാൽ കർഷകർക്ക് പണം നൽകുന്നതിൽ കരാറുണ്ടാക്കാൻ എസ്.ബി.ഐ തയാറായില്ല. സംസ്ഥാനത്ത് 66,326 കർഷകരാണ് സപ്ലൈകോയിൽ രജിസ്റ്റർ ചെയ്്തത്. ഇതിൽ 22,000 കർഷകർക്ക് എസ്.ബി.ഐയിലാണ് അക്കൗണ്ടുള്ളത്. സംഭരിക്കുന്ന നെല്ലിന് മൂന്ന് ദിവസത്തിനകം പണം നൽകാമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഇതിനായി കനറ ബാങ്ക്, ജില്ല സഹകരണ ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവയുമായി കരാറുണ്ടാക്കി. എസ്.ബി.ഐയും കരാറിൽ ഒപ്പിടുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. ഇപ്പോൾ എസ്.ബി.ഐയിൽ അക്കൗണ്ടുള്ള കർഷകർക്ക് പണം ലഭിക്കണമെങ്കിൽ മറ്റു ബാങ്കുകളിൽ അക്കൗണ്ട് എടുക്കണം.
രണ്ടാം വിള ഒരുക്കം തുടങ്ങിയെങ്കിലും ജലസേചന കനാലുകൾ ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ചിറ്റൂർ മേഖലയിലേക്ക് ആളിയാർ കരാർപ്രകാരം തമിഴ്നാടിൽനിന്ന് ലഭിക്കേണ്ട വെള്ളം വാങ്ങിയെടുക്കുന്നതിലും സർക്കാർ അലംഭാവം തുടരുകയാണ്. ഈ വർഷം ഇതുവരെ കേരളത്തിന് ലഭിക്കേണ്ട വെള്ളത്തിെൻറ അമ്പത് ശതമാനം മാത്രമാണ് വിട്ടുനൽകിയത്. ജില്ലയിലെ 13 പഞ്ചായത്തുകൾക്ക് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന മലമ്പുഴ അണക്കെട്ടിലെ വെള്ളം കഞ്ചിക്കോട് കിൻഫ്ര പാർക്കിലേക്ക് കൂടി നൽകാനുള്ള തീരുമാനമാണ് സർക്കാറിെൻറ ഒടുവിലത്തെ കർഷകവിരുദ്ധ സമീപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.