നോട്ട് പ്രതിസന്ധിക്കിടെയും ബാങ്ക് ലയന-കൈമാറ്റ നടപടികള്‍ അതിവേഗം
text_fieldsതൃശൂര്‍: നിക്ഷേപിച്ച പണം തിരിച്ചുകിട്ടാതെ രാജ്യത്തെ സാധാരണക്കാര്‍ നെട്ടോട്ടത്തിലുള്ളപ്പോള്‍ ബാങ്കുകള്‍ തമ്മിലെ ലയന, കൈമാറ്റ നടപടികള്‍ അഭംഗുരം പുരോഗമിക്കുന്നു. അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള ജോലി അന്തിമഘട്ടത്തിലാണ്. ബാങ്കുകളുടെ ഉടമാവകാശം കൈക്കലാക്കാനുള്ള നീക്കങ്ങളും സജീവമാണെന്ന സൂചനയാണ് കാത്തലിക് സിറിയന്‍ ബാങ്കില്‍ ഫെയര്‍ഫാക്സിന്‍െറ ഇടപെടല്‍ നല്‍കുന്നത്.
എസ്.ബി.ഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ വിരമിക്കേണ്ടിയിരുന്ന കഴിഞ്ഞ സെപ്റ്റംബറിന് മുമ്പ് എസ്.ബി.ഐ-അസോസിയേറ്റ് ബാങ്ക് ലയന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. കാര്യങ്ങള്‍ അതിനനുസരിച്ച് നീങ്ങാത്ത സാഹചര്യത്തിലാണ് അവരുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയത്. നോട്ട് അസാധുവാക്കല്‍ നടപടി ബാങ്ക് ലയന പ്രക്രിയയെ ബാധിച്ചിട്ടില്ളെന്നും പുരോഗമിക്കുകയാണെന്നും അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനായി ഒരു പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വിഭാഗത്തിലുള്ളവരെ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളിലുണ്ടായ അധിക ജോലിയിലേക്ക് വിന്യസിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്‍െറ അന്തിമ അംഗീകാരം ലഭിച്ചാലുടന്‍ ലയന നടപടി പൂര്‍ത്തിയാകുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. സമീപകാലത്തുതന്നെ എസ്.ബി.ഐയും അസോസിയേറ്റ് ബാങ്കുകളും ഒന്നാകുമെന്ന് വ്യക്തമാക്കുന്നതാണ് ചെയര്‍പേഴ്സണിന്‍െറ പ്രസ്താവന.
അതിനിടെയാണ് കാത്തലിക് സിറിയന്‍ ബാങ്കിലെ നീക്കങ്ങള്‍. നിലവിലെ ഓഹരിയുടമകളെപ്പോലും ധരിപ്പിക്കാതെയാണ് അവിടെ ഓഹരി കൈമാറ്റ നീക്കങ്ങള്‍ നടക്കുന്നതെന്ന് പ്രവാസി വ്യവസായി എം.എ. യൂസുഫലിയുടെ നിലപാടില്‍നിന്ന് വ്യക്തമാണ്. കേരളം ആസ്ഥാനമായ ബാങ്ക് എന്ന നിലക്കാണ് താന്‍ നിക്ഷേപിച്ചതെന്നും ബാങ്കിന്‍െറ ആസ്ഥാനം കേരളത്തില്‍നിന്ന് മാറ്റാന്‍ അനുവദിക്കില്ളെന്നുമാണ് അദ്ദേഹത്തിന്‍െറ നിലപാട്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്ക് കൈയടക്കാന്‍ ചില ബിസിനസ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായി ബാങ്കിങ് വൃത്തങ്ങളില്‍ കുറച്ചുകാലമായി ചര്‍ച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.