ബാങ്കിനുള്ളിൽ ജീവനക്കാരിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു
text_fieldsതളിപ്പറമ്പ് പൂവത്ത് ബാങ്കിൽ കയറി കാഷ്യറെ വെട്ടിപ്പരിക്കേൽപിച്ച ഭർത്താവ് അനുരൂപിനെ നാട്ടുകാർ കെട്ടിയിട്ടപ്പോൾ
തളിപ്പറമ്പ്: തളിപ്പറമ്പ് പൂവത്ത് ബാങ്ക് കാഷ്യറെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു. സാരമായി പരിക്കേറ്റ പൂവം എസ്.ബി.ഐ ബ്രാഞ്ചിലെ കാഷ്യർ ആലക്കോട് അരങ്ങം സ്വദേശി അനുപമ(39)യെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭർത്താവ് അനുരൂപിനെ നാട്ടുകാർ ബാങ്കിൽ കെട്ടിയിട്ട് പൊലീസിന് കൈമാറി.
തളിപ്പറമ്പ് സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ ബാങ്കിലെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ പ്രകോപിതനായ അനുരൂപ് കൈയിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് അനുപമയെ വെട്ടുകയായിരുന്നു.
വെട്ടേറ്റ് ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമയെ പിന്നാലെയെത്തിയ ഇയാൾ വീണ്ടും വെട്ടി. ഈസമയം, യുവതിയെ ബാങ്കിന് പുറത്ത് നിന്ന് വെട്ടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തി അനുരൂപിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈകൾ കെട്ടിയിട്ട് പൊലീസിന് കൈമാറി. സ്വകാര്യ കാർ വിൽപനശാലയിലെ ജീവനക്കാരനാണ് അനുരൂപ്. കുറ്റിക്കോലിലാണ് ഇയാൾ താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.