പടക്കം പൊട്ടിക്കൽ; സുപ്രീംകോടതി വിധി നടപ്പാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവ് പുറപ്പെടുവിച്ചു. നിർദേശങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ശ്രദ്ധയിൽപെടുത്താൻ എല്ലാ ജില്ല പൊലീസ് മേധാവിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നിശ്ചിതസ്ഥലത്തും സമയത്തും മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂ എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട പടക്കങ്ങളുടെ വിൽപന അനുവദിച്ചുകൂട. നിർദേശങ്ങൾ ലംഘിക്കപ്പെടുന്നപക്ഷം അതതു സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ കോടതിയലക്ഷ്യ നടപടിക്ക് വിധേയരാകേണ്ടിവരും.
ദീപാവലി ദിവസത്തിലോ മറ്റ് ആഘോഷ ദിവസങ്ങളിലോ പടക്കങ്ങൾ പൊട്ടിക്കുന്നത് രാത്രി എട്ട് മുതൽ പത്ത് വരെയാക്കി കോടതി നിജപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് രാത്രി 11.55 മുതൽ 12.30 വരെ മാത്രമാണ് പടക്കംപൊട്ടിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.