ലാവലിൻ കേസ് വീണ്ടും മാറ്റി; വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സി.ടി. രവി കുമാർ പിൻമാറി
text_fieldsന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.ബി.ഐ സമർപ്പിച്ച എസ്.എൻ.സി ലാവലിൻ കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് മലയാളി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറി. അതിന് പിന്നാലെ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി വെക്കുകയും ചെയ്തു. 2017 ഒക്ടോബർ 27ന് ആദ്യമായി പരിഗണിച്ചപ്പോൾ ആറാഴ്ചത്തേക്ക് നീട്ടിയ എസ്.എൻ.സി ലാവലിൻ കേസ് സുപ്രീംകോടതിയുടെ കണക്ക് പ്രകാരം 26ാം തവണയാണ് കേൾക്കാതെ മാറ്റിവെക്കുന്നത്.
കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിന് പന്നിയാർ, ചെങ്കുളം, പള്ളിവാസൽ, ജലവൈദ്യുതി പദ്ധതികളുടെ നവീകരണക്കരാർ നൽകിയതിലെ ക്രമക്കേടുമൂലം സംസ്ഥാന ഖജനാവിന് 86.25 കോടി രൂപം നഷ്ടമുണ്ടായതിനെ തുടർന്നുണ്ടായ കേസിൽ അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹന ചന്ദ്രൻ, മുൻ ജോയൻറ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ചതാണ് മുഖ്യഹരജി. ഇത് കൂടാതെ ഹൈകോടതി കുറ്റക്കാരാണെന്ന് വിധിച്ച ശിവദാസൻ, മുൻ കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ മുൻ കെ.എസ്.ഇ.ബി ചീഫ് അക്കൗണ്ട് ഓഫിസർ കെ.ജി. രാജശേഖരൻ നായർ എന്നിവർ അതിനെതിരെ സമർപ്പിച്ച ഹരജികളുമുണ്ട്.
ഈ ഹരജികൾ മുമ്പ് പല തവണ മാറ്റിവെച്ച ജസ്റ്റിസ് യു.യു. ലളിത് വിരമിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനക്ക് മുമ്പാകെ കേസ് വന്നത്. പിണറായിക്കും മോഹന ചന്ദ്രനുമൊപ്പം ഹൈകോടതി കുറ്റമുക്തനാക്കിയ ഫ്രാൻസിസിന്റെ അഭിഭാഷകൻ പനി മൂലം കേസ് പരിഗണിക്കാതെ മാറ്റിവെക്കണമെന്ന് സുപ്രീംകോടതി രജിസ്ട്രാർക്ക് നേരത്തെ കത്ത് നൽകിയിരുന്നു. തിങ്കളാഴ്ച കേസ് വിളിച്ചപ്പോൾ അഭിഭാഷകർക്ക് പകർച്ചപ്പനിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശും ഇതേ ആവശ്യമുന്നയിച്ചു. മുൻ കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യരുടെ അഭിഭാഷകനായ ബസന്തിന് ഹാജരാകാനാവില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയറും ബോധിപ്പിച്ചു.
എന്നാൽ, ആവശ്യം അംഗീകരിക്കാതെ കേസ് കേൾക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് ജസ്റ്റിസ് എം.ആർ. ഷാ വ്യക്തമാക്കി. അതിനിടയിലാണ് ലാവലിൻ കേസ് ഒരിക്കൽ പരിഗണിച്ച ബെഞ്ചിൽ സാങ്കേതികമായി താനുമുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് സി.ടി. രവികുമാർ കോടതിയിൽ പറഞ്ഞത്. അതുകൊണ്ട് കക്ഷികൾക്ക് പ്രശ്നമുണ്ടോ എന്ന് അദ്ദേഹം അഭിഭാഷകരോട് ചോദിക്കുകയും ചെയ്തു. അതോടെ ജസ്റ്റിസ് രവികുമാറുമായി സംസാരിച്ചശേഷം ലാവലിൻ ഹരജികൾ വീണ്ടും മാറ്റിവെക്കുകയാണെന്ന് ജസ്റ്റിസ് എം.ആർ. ഷാ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് രവി കുമാറില്ലാത്ത മറ്റൊരു ബെഞ്ച് ലാവലിൻ കേസ് പുതുതായി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.