ഹാദിയക്ക് കോളജിൽ മുഴുവൻ സൗകര്യങ്ങളും ഒരുക്കും –പ്രിൻസിപ്പൽ
text_fieldsകോയമ്പത്തൂർ: സുപ്രീംകോടതി വിധി പ്രകാരം ഹാദിയക്ക് കോളജിൽ മുഴുവൻ സൗകര്യങ്ങളും ഒരുക്കുമെന്ന് സേലം ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജി. കണ്ണൻ. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ‘മാധ്യമ’േത്താട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധി അറിഞ്ഞിരുന്നു. കോടതിവിധി അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്. വിധിപകർപ്പ് കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കും. ഹാദിയ ഇടക്കുവെച്ച് പഠനം നിർത്തിയതിനാൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിന് രണ്ടാഴ്ച വേണ്ടി വരും. ഹാദിയ കോളജിൽ എത്തിയ ശേഷം അപേക്ഷ നൽകണം. ഇതോടൊപ്പം സുപ്രീംകോടതിവിധി പകർപ്പും ചേർത്ത് എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റിക്ക് നൽകും.
സർവകലാശാല അനുമതി ലഭ്യമാകുന്ന മുറക്ക് ഹാദിയക്ക് ഒരു വർഷത്തെ ഹൗസ് സർജൻസി കോഴ്സ് പൂർത്തിയാക്കാം. ഡൽഹിയിൽനിന്ന് ഹാദിയ എത്തിയാലുടൻ ഹോസ്റ്റലിൽ പ്രത്യേക താമസസൗകര്യമൊരുക്കുമെന്നും ഡോ. ജി. കണ്ണൻ അറിയിച്ചു. സേലം തുമ്പപള്ളിപട്ടിയിലെ സിദ്ധർകോവിൽ റോഡിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. ഹാദിയയുടെ സുരക്ഷക്ക് സേലം പൊലീസും നടപടികളാരംഭിച്ചു. തമിഴ്നാട് ഡി.ജി.പി ടി.കെ. രാജേന്ദ്രെൻറ നിർദേശപ്രകാരം സേലം ജില്ല പൊലീസ് സൂപ്രണ്ട് രാജൻ തിങ്കളാഴ്ച വൈകീട്ട് കോളജ് അധികൃതരുമായി ബന്ധപ്പെട്ടു. കോളജിൽ ഏർപ്പെടുത്തേണ്ട സുരക്ഷസംവിധാനത്തെക്കുറിച്ച് കോളജ്-പൊലീസ് ഉന്നതതല യോഗം അടുത്ത ദിവസം നടക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.