എസ്.സി-എസ്.ടി നിയമനം: സർക്കാർ അനാസ്ഥക്കെതിരെ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി സ്പീക്കർ
text_fieldsതിരുവനന്തപുരം: പട്ടികജാതി-വർഗ സ്പെഷ്യൽ റിക്രൂട്ട്മെൻറിൽ സർക്കാർ അനാസ്ഥക്കെതിരെ രൂക്ഷവിമർശനമുയർത്തി ഡെപ്യൂട്ടി സ്പീക്കർ വി.ശശി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പട്ടികജാതി-വർഗ പ്രാതിനിധ്യ അവലോകന കമ്മിറ്റിയുടെ യോഗത്തിലാണ് പട്ടികവിഭാഗങ്ങളുടെ സംവരണ സീറ്റുകളിൽ നടക്കുന്ന അട്ടിമറിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ പൊട്ടിത്തെറിച്ചത്. ഇടതു സർക്കാർ അധികാരത്തിൽവന്നശേഷം വിവിധ വകുപ്പുകളിൽ തസ്തികകൾ കണ്ടെത്തുന്നതിലും നിയമനം നൽകുന്നതിലും പുരോഗതിയുണ്ടെന്ന മന്ത്രി എ.കെ ബാലന്‍റെ വാദത്തെ ഡെപ്യൂട്ടി സ്പീക്കർ പൊളിച്ചടുക്കി.
ചർച്ചക്കൊടുവിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെൻറ് വഴി സംവരണം ചെയ്ത തസ്തികകൾ ഒരു മാസത്തിനുള്ളിൽ അതത് വകുപ്പുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരിക്കണമെന്ന് യോഗം നിർദേശം നൽകി. ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 59 സർക്കാർ ഉത്തരവുകളിലൂടെ സംവരണം ചെയ്ത 1674 തസ്തികകളിൽ 99 ശതമാനത്തിലും നിയമനം നടന്നിട്ടില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ യോഗത്തിൽ ചൂണ്ടികാട്ടി. ഇക്കാര്യത്തിൽ പി. എസ്.സിയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. 12 വകുപ്പുകളിൽ പരിശോധന നടത്താനാണ് മുമ്പ് നടന്ന യോഗത്തിൽ തീരുമാനിച്ചത്. അതിൽ പരിശോധന പൂർത്തിയാക്കിയ അഞ്ച് വകുപ്പുകളെ സംബന്ധിച്ചുള്ള റിപ്പോർട്ട് യോഗത്തിൽ വെച്ചിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഉദാഹരണമായി മൃഗസംരക്ഷണ വകുപ്പിലെ തസ്തികയുടെ കാര്യവും ചൂണ്ടിക്കാട്ടി. 24 വർഷം മുമ്പ് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത വകുപ്പിലെ ഒരു തസ്തികയിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു. ആ കത്തിന്മേൽ സ്വീകരിച്ച നടപടികൾ പൊതുഭരണ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.
തുടർന്ന് പി.എസ്.സി സെക്രട്ടറി പല തസ്തികകളിലും അഡ്വൈസ് നൽകാൻ കഴിയാത്തതിൻെറ കാരണങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും ഇതിനോടും ഡെപ്യൂട്ടി സ്പീക്കർ വിയോജിച്ചു. സ്പെഷ്യൽ റൂൾസ് നിലവിലില്ലായെങ്കിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിയമനം നൽകാമെന്ന് മുൻ യോഗങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതിനുള്ള നടപടികൾ പൊതുഭരണവകുപ്പ് സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പി.എസ്.സി ലിസ്റ്റുകൾ നിലവിലുണ്ടെങ്കിലും നിയമനം നടക്കുന്നില്ല എന്നുള്ളത് വസ്തുതയാണെന്ന് എ.പി അനിൽ കുമാർ എംഎൽഎയും പറഞ്ഞു.
2020 ജനുവരി ഒന്ന് അനുസരിച്ച് 1943 ഒഴിവുകളുണ്ടെന്നും അത് ബന്ധപ്പെട്ട വകുപ്പുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി എ.കെ ബാലൻ ആവശ്യപ്പെട്ടു. ചില വകുപ്പുകൾ വാർഷിക അവലോകനം നടത്തുന്നത് വളരെ പിന്നോക്കമാണെന്നും അത് സമയബന്ധിതമായി പൂർത്തീകരിക്കണം എന്നും മന്ത്രി എ കെ ബാലൻ അറിയിച്ചു.
എം.എൽ.എമാരായ ബി.സത്യൻ, വി.പി സജീന്ദ്രൻ, പുരുഷൻ കടലുണ്ടി തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.