4500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽ അഴിമതി -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോവിഡ് കാരണം ജനങ്ങൾ ബുദ്ധിമുട്ടുേമ്പാൾ സർക്കാറിെൻറ ശ്രദ്ധ മുഴുവൻ അഴിമതിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നടപ്പാകില്ലെന്ന് ഉറപ്പുള്ള വൻകിട പദ്ധതികളുടെ പേര് പറഞ്ഞ് കൺസൾട്ടൻസിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയും ചെയ്യുകയാണ് സർക്കാർ. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇ-മൊബിലിറ്റി പദ്ധതി.
4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾ നിർമിക്കുന്ന പദ്ധതിയാണിത്. ഇതിെൻറ വിശദപദ്ധതി തയാറാക്കാനുള്ള കൺസൾട്ടൻസി നൽകിയത് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്കാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് ഈ കരാർ. ഈ കമ്പനിക്കെതിരെ ഒമ്പത് കേസുകളാണ് ഇന്ത്യയിലുള്ളത്. കൂടാതെ സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കമ്പനിയെ രണ്ട് വർഷത്തേക്ക് നിരോധിച്ചിട്ടുമുണ്ട്.
മൂന്ന് കരാറുകളാണ് ഇവർക്ക് കേരള സർക്കാർ നൽകിയത്. കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴി, കെഫോൺ എന്നിവയാണ് മറ്റു രണ്ട് കരാറുകൾ. ഇവർക്ക് നൽകുന്നതിനെതിരെ മുൻ ഡൽഹി ഹൈകോടതി ജഡ്ജിയും 20ാമത് ലോ കമീഷൻ ഓഫ് ഇന്ത്യ ചെയർമാനുമായ അജിത് പ്രകാശ് ഷാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഈ കത്തിൻമേൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപറത്തിയാണ് കരാർ നൽകിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൺസൾട്ടൻസി നൽകാനുള്ള തീരുമാനം എടുക്കുന്നത്. കരാർ നൽകുന്നതിന് മുമ്പ് ടെൻഡർ വിളിക്കുകയോ സെക്രട്ടറിയേറ്റ് മാന്വൽ പരിപാലിക്കുകയോ ചെയ്തിട്ടില്ല.
2019 ആഗസ്റ്റ് ഏഴിന് യോഗം ചേരുകയും നാല് ദിവസം കഴിഞ്ഞ് കരാർ നൽകുകയുമായിരുന്നു. ഇപ്രകാരം കരാർ നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല. ഈ കരാ റദ്ദ് ചെയ്ത് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. കരാർ ഗതാഗത മന്ത്രിയുടെ അറിവോടെയാണോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
ഇത് കൂടാതെ നിരവധി അഴിമതികളാണ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നത്. സ്പ്രിൻക്ലർ വിവാദത്തിൽ ആദ്യം സർക്കാർ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പരിഹസിച്ചു. എന്നാൽ, കരാറിൽനിന്ന് സർക്കാറിന് പിൻമാറേണ്ടിവന്നു. ബെവ്ക്യൂ ആപ്പുമായും ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ബിവറേജസ് കോർപറേഷന് കനത്ത നഷ്ടമാണ് ഉണ്ടായത്. എന്നാൽ, ഇതിനെയെല്ലാം ന്യായീകരിക്കുന്ന മറുപടിയാണ് മന്ത്രിയിൽനിന്ന് ഉണ്ടായതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മറുപടി രേഖകൾ പരിശോധിച്ചശേഷം -ഗതാഗത മന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് ഫയലുകൾ പരിശോധിച്ചശേഷം മറുപടി നൽകാമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കോവിഡ് കാലത്ത് ഗതഗാത വകുപ്പ് ആരുമായും കരാറിൽ ഏർപ്പെട്ടിട്ടില്ല.
ഇ-മൊബിലിറ്റി പോളിസി സർക്കാർ അംഗീകരിച്ചതാണ്. അതിെൻറ ഭാഗമായി സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൺസൾട്ടൻസിയെ നിയമിച്ചതിെൻറ കാര്യങ്ങൾ പരിശോധിച്ച് കൃത്യമായി മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.