വ്യാജരേഖയിൽ ജി.എസ്.ടി രജിസ്ട്രേഷൻ; തട്ടുന്നത് കോടികൾ
text_fieldsകൊച്ചി: ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖ ചമച്ച് സ്വന്തമാക്കുന്ന ചരക്കുസേവന നികുതി (ജി.എസ്.ടി) രജിസ്ട്രേഷന്റെ മറവിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പ്. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം ഇതുവരെ സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഇത്തരം 204 കേസുകൾ കണ്ടെത്തി. വ്യാജ രജിസ്ട്രേഷൻ മറയാക്കി പത്തുകോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക കണക്ക്.
കേന്ദ്ര ജി.എസ്.ടി രജിസ്ട്രേഷനിലാണ് വ്യാജന്മാർ കൂടുതൽ. മറ്റുള്ളവരുടെ പേരിലുള്ള പാൻ കാർഡും ആധാർ കാർഡുമാണ് രജിസ്ട്രേഷന് ഉപയോഗിക്കുന്നത്. ഇതോടൊപ്പം സമർപ്പിക്കേണ്ട തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള ലൈസൻസ്, നികുതി രസീത് എന്നിവയും വ്യാജമായി ഉണ്ടാക്കിയെടുക്കും. ഓൺലൈനായി അപേക്ഷിച്ചാൽ രേഖകൾ പരിശോധിച്ച് മൂന്നുദിവസത്തിനകം രജിസ്ട്രേഷൻ അനുവദിക്കണമെന്നാണ് ചട്ടം.
അധികൃതർ ഈ സമയപരിധിക്കകം തീരുമാനമെടുത്തില്ലെങ്കിൽ രജിസ്ട്രേഷൻ താനേ അനുവദിക്കപ്പെടും. ദിവസവും നിരവധി അപേക്ഷ എത്തുന്നതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ പലപ്പോഴും കഴിയാറില്ല. ഈ പഴുത് മുതലെടുത്താണ് വ്യാജ രേഖകളിലൂടെ രജിസ്ട്രേഷൻ സ്വന്തമാക്കുന്നത്. വ്യാജരേഖകൾ സംഘടിപ്പിക്കുകയും അതുവഴി തട്ടിപ്പ് നടത്തുകയും ചെയ്യുന്ന നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ജി.എസ്.ടി എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നത്.
വ്യാജ രജിസ്ട്രേഷൻ എടുത്ത സ്ഥാപനങ്ങൾ സേവനമോ ഉൽപന്നമോ യഥാർഥത്തിൽ കൈമാറാതെ, മുൻകൂറായി നികുതി അടച്ചെന്ന് കാണിച്ച് കൃത്രിമ ഇൻവോയ്സുകളും ബില്ലുകളും വഴി സർക്കാറിൽനിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) സ്വന്തമാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ ജി.എസ്.ടി രജിസ്ട്രേഷന്റെ മറവിലുള്ള തട്ടിപ്പ് അടുത്തിടെ പെരുമ്പാവൂരിലും അങ്കമാലിയിലും കണ്ടെത്തിയിരുന്നു.
കൃത്രിമ രേഖകൾ പണം വാങ്ങി തയാറാക്കിക്കൊടുക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനം പ്രവർത്തിക്കുന്നതായി നോട്ടറി സാക്ഷ്യപ്പെടുത്തിയ വ്യാജ സർട്ടിഫിക്കറ്റുകൾ വരെ രജിസ്ട്രേഷനായി ഹാജരാക്കുന്നുണ്ട്. തട്ടിപ്പ് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കുകയും അനധികൃതമായി കൈപ്പറ്റിയ തുക പിഴ സഹിതം തിരിച്ചുപിടിക്കുകയുമാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.