തട്ടിപ്പ് പലതാകാം, വേണം ജാഗ്രത
text_fieldsകാസർകോട്: ജില്ലയില്‍ 57 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷണത്തില്‍. തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 57 കേസുകള്‍ അന്വേഷണത്തിലുണ്ട്. ഈ അന്വേഷണത്തില്‍ തട്ടിപ്പുകാര്‍ പണംതട്ടാന്‍ വിവിധ രീതികള്‍ ആവര്‍ത്തിച്ച് അവലംബിക്കുന്നതായി കാണുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയും വാട്സ് ആപ്, ടെലിഗ്രാം തുടങ്ങിയവവഴി ബന്ധപ്പെട്ടുമാണ് ഇരകളെ കണ്ടെത്തുന്നത്.
ഓണ്‍ലൈന്‍ ട്രേഡിങ് നടത്തുന്നതിന് സഹായിക്കാമെന്നും പണമുണ്ടാക്കുന്നത് പഠിപ്പിക്കാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ നല്കി അതില്‍ വീഴുന്ന ഇരകളെക്കൊണ്ട് ട്രേഡിങ്ങിനെന്ന രീതിയില്‍ തുടര്‍ച്ചയായി പണം അയപ്പിക്കുന്നു. കൂടാതെ, വര്‍ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ജോബ് തുടങ്ങിയ വാഗ്ദാനങ്ങളും നൽകും. വാഗ്ദാനങ്ങളില്‍ വീഴുന്നവർ ടാസ്കുകള് കംപ്ലീറ്റ് ചെയ്യുകയും ഓണ്‍ലൈന്‍ റിവ്യൂവിനുവേണ്ടി തട്ടിപ്പുകാര്‍ക്ക് തുടര്‍ച്ചയായി പണം അയച്ചുകൊടുക്കുകയും ചെയ്യുന്നു.
തട്ടിപ്പുകാര്‍ ക്ലാസിഫൈഡ് ഓണ്‍ലൈന്‍ അഡ്വര്‍ടൈസിങ് പ്ലാറ്റ്ഫോമുകളായ ഒ.എല്‍.എക്സ് പോലുള്ള സൈറ്റുകളിലും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് പ്ലേസ് പോലുള്ള ഇടങ്ങളിലും എസ്.യു.വികള്‍, ഓല സ്കൂട്ടറുകള്, സോഫ മെറ്റീരിയലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തും പണം വാങ്ങുന്നുണ്ട്. എന്നാല്‍, സാധനങ്ങള്‍ ഡെലിവര്‍ ചെയ്യുകയില്ല.
ഗൂഗ്ള്‍ പോലുള്ള സെര്‍ച്ച് എൻജിനുകളില്‍ ഹോസ്പിറ്റലുകള്‍, ബാങ്കുകള്‍, ആമസോണ്‍ / ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കോമേഴ്സ് വെബ്സൈറ്റുകള്‍ തുടങ്ങിയവയുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ എന്ന വ്യാജേന തട്ടിപ്പുകാര്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ പണം നല്കി പരസ്യം ചെയ്യുന്നു. കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സെര്‍ച്ച് ചെയ്ത് തട്ടിപ്പുകാരെ വിളിക്കുന്ന ഇരകളെ ലിങ്ക് അയച്ചുകൊടുത്ത് അതില്‍ ക്ലിക്ക് ചെയ്യിച്ചും എനിഡെസ്ക്, ടീംവ്യൂവര്‍ തുടങ്ങിയ റിമോട്ട് ആക്സസിങ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചും ബാങ്കിങ് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കാനഡപോലുള്ള വിദേശ രാജ്യങ്ങളില്‍ ജോലി, പഠനം തുടങ്ങിയവ വാഗ്ദാനം ചെയ്ത് വിസ, വിമാന ടിക്കറ്റ്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുന്നതും പുതിയ രീതിയായി മാറി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയില്‍ ചെറിയ പലിശക്ക് പേഴ്സനല്‍ ലോണ്‍ വാഗ്ദാനം ചെയ്ത് പ്രോസസിങ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് പണംതട്ടിയെടുക്കുന്നു.
ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.വൈ.സി അപ്ഡേഷന്, ക്രെഡിറ്റ് കാര്‍ഡ് അപ്ഡേഷന് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വിളിച്ച് ഇരകളുടെ ഒ.ടി.പി അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കി അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു. വിദേശികളായ ഡോക്ടര്‍, ബിസിനസുകാര്‍ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഇരകളുമായി സൗഹൃദം സ്ഥാപിക്കുകയും ഇരകള്‍ക്ക് ഗിഫ്റ്റ് അയച്ചിരിക്കുന്നതായും കാണാന്‍ വരുന്നതായും മറ്റും വിശ്വസിപ്പിച്ച് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി അറിയിച്ച് ഗിഫ്റ്റ് റിലീസ് ചെയ്യുന്നതിനും മറ്റുമെന്നുപറഞ്ഞും പണം തട്ടിയെടുക്കുന്നു. അതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ല പൊലീസ് മേധാവി പി. ബിജോയ് അറിയിച്ചു.
തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണം. കൂടാതെ, ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ‘സൈബര്‍ അവേര്‍നസ് പ്രമോട്ടര്‍’ എന്നനിലയില്‍ പൊതുജനങ്ങളില്‍നിന്ന് സൈബര്‍ വളന്റിയര്‍മാരെ തിരഞ്ഞെടുത്തുവരുന്നതായും https://www.cybercrime.gov.inല്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്നും പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.