വളഞ്ഞിട്ട് മർദിക്കൽ, നിലത്തിട്ട് ചവിട്ടുക, സോഡാ കുപ്പികൊണ്ടുള്ള ഏറ്; സി.പി.ഐ - സി.പി.എം സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
text_fieldsകൊടുമൺ (പത്തനംതിട്ട): അങ്ങാടിക്കൽ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം - സി.പി.ഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സോഡാ കുപ്പിയും കല്ലും കൊണ്ടുള്ള ഏറിൽ ഇരുവിഭാഗത്തിൽപ്പെട്ട നിരവധി പാർട്ടി പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കൊടുമൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കുമാർ (39), സിവിൽ പൊലീസ് ഓഫിസർമാരായ ജിനു കോശി (30), രാഹുൽ (28) എന്നിവർക്കും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ആരോപിച്ച് രാവിലെ ബഹളം നടന്നിരുന്നു. ഇത് പൊലീസ് ഇടപെട്ട് ശാന്തമാക്കി. പിന്നീട് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് കള്ളവോട്ടിനെ ചൊല്ലി ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടിയത്.
ഇതിനിടയിൽ സമീപത്തെ കടയിൽനിന്ന് സോഡാ കുപ്പികളും കല്ലുകളും വലിച്ചെറിയുകയായിരുന്നു. വൈകീട്ട് ബാങ്ക് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുഴുവൻ സീറ്റുകളിലും സി.പി.എം സ്ഥാനാർഥികൾ വിജയിച്ചു. ഏറുകൊണ്ട പലർക്കും തലക്കാണ് പരിക്കേറ്റത്. ഇതിനിടയിൽ പൊലീസിനും ഏറുകൊണ്ടു. മറ്റ് പ്രദേശങ്ങളിൽനിന്നുവന്ന ചിലരും സംഘർഷ സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
സി.പി.എമ്മിന്‍റെ ജില്ല പഞ്ചായത്ത് അംഗം ബീന പ്രഭയുടെ ഭർത്താവ് ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറിയായ പ്രഭക്കും (57) പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ തലക്കാണ് പരിക്ക്. ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ സുധീഷ് (20), ഡി.വൈ എഫ്.ഐ കമ്മിറ്റി അംഗം എം. കിരൺ (21), സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു (51) സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയകുമാർ (53), എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി ജിതിൻ മോഹൻ (35) എന്നിവർക്കും പരിക്കേറ്റിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ സീറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ല. വർഷങ്ങളായി സി.പി.എം ഭരിക്കുന്ന ബാങ്കാണിത്. നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതിനാൽ സീറ്റ് നൽകാൻ കഴിയില്ലെന്ന് സി.പി.എം നേതൃത്വം അറിയിച്ചതോടെയാണ് സി.പി.ഐ സ്ഥാനാർഥികളെ നിർത്തിയത്. തെരഞ്ഞെടുപ്പ് കോൺഗ്രസ് നേരത്തേ ബഹിഷ്ക്കരിച്ചിരുന്നു. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ.
സംഘർഷത്തിലേക്ക് എത്തിച്ചതിന്റെ കാരണങ്ങൾ
മൂന്നാഴ്ച മുമ്പ് സി.പി.എം അങ്ങാടിക്കൽ ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള അങ്ങാടിക്കൽ വടക്ക് സീയോൻ കുന്ന് ബ്രാഞ്ചിലെ മുഴുവൻ പാർട്ടി മെംബർമാരും രാജിവെച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. അങ്ങാടിക്കൽ വടക്ക് ചേർന്ന സ്വീകരണ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയനാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ അങ്ങാടിക്കൽ മേഖലയിൽ ഇരുപാർട്ടികളും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. പിന്നീട് സി.പി.എം അങ്ങാടിക്കൽ പ്രദേശത്ത് വിശദീകരണ യോഗങ്ങൾ നടത്തുകയും പാർട്ടിവിട്ട ചിലരെ തിരികെക്കൊണ്ടുവരുകയും ചെയ്തിരുന്നു.
വിശദീകരണ യോഗങ്ങളിൽ പാർട്ടി മാറിയവരെ സി.പി.എം നേതാക്കൾ പരസ്യമായി അസഭ്യം പറയുകയും ചെയ്തിരുന്നു. സി.പി.എം ഭരിക്കുന്ന ചന്ദനപ്പള്ളി സർവിസ് സഹകരണ ബാങ്കിലെ അഴിമതി വിവരങ്ങൾ ജനങ്ങളുടെ മുമ്പാകെ പരസ്യപ്പെടുത്തുമെന്നും പാർട്ടി വിട്ടവർ പറഞ്ഞിരുന്നു. മുൻ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. സഹദേവനുണ്ണിത്താൻ ഉൾപ്പെടെ 70 ഓളം പേരാണ് സി.പി.എം വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.