അധികവിമാനങ്ങളുടെ സമയപട്ടിക പ്രസിദ്ധീകരിച്ചു
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടനത്തിന് പുറപ്പെടുന്നവര്‍ക്കായി അനുവദിച്ച ആറ് അധികവിമാനങ്ങളുടെ സമയപട്ടിക പ്രസിദ്ധീകരിച്ചു. കരിപ്പൂരില്‍നിന്ന് അഞ്ച്, കണ്ണൂരില്‍നിന്ന് ഒന്ന് വീതം വിമാനങ്ങളാണ് അധികമായി അനുവദിച്ചത്. ജൂണ്‍ 22നകം സര്‍വിസ് പൂര്‍ത്തിയാവുന്ന തരത്തിലാണ് ഷെഡ്യൂള്‍. അധിക വിമാനങ്ങള്‍ കൂടി അനുവദിച്ചതോടെ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്ന് വീതം വിമാനങ്ങളും ചൊവ്വാഴ്ച നാല് വിമാനങ്ങളും കരിപ്പൂരില്‍നിന്ന് സര്‍വിസ് നടത്തും.
കരിപ്പൂരില്‍നിന്നുള്ള അവസാന ഹജ്ജ് വിമാനം വ്യാഴാഴ്ച രാവിലെ 8.50നാണ് പുറപ്പെടുക. ആകെ 49 വിമാനങ്ങളാണ് ഇവിടെനിന്ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കരിപ്പൂരില്‍നിന്ന് അധികമായി അനുവദിച്ച വിമാനങ്ങളില്‍ ആദ്യത്തേത് 18ന് പുലര്‍ച്ച അഞ്ചിന് പുറപ്പെട്ട് സൗദി സമയം രാവിലെ ഒമ്പതിന് ജിദ്ദയിലെത്തും.
ഈ വിമാനത്തിലേക്കുള്ള തീര്‍ഥാടകര്‍ ശനിയാഴ്ച വൈകീട്ട് നാലിന് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. രണ്ടാം വിമാനം ജൂണ്‍ 20ന് രാവിലെ 5.45ന് പുറപ്പെട്ട് സൗദി സമയം രാവിലെ 9.45നും മൂന്നാമത്തെ വിമാനം അന്നേദിവസം രാവിലെ 9.25ന് പുറപ്പെട്ട് സൗദി സമയം ഉച്ചക്ക് 1.25നും ജിദ്ദയിലെത്തും.
രണ്ടാമത്തെ വിമാനത്തിലേക്കുള്ള തീര്‍ഥാടകര്‍ 19ന് രാവിലെ എട്ടിനും മൂന്നാമത്തെ വിമാനത്തിലേക്കുള്ളവര് 19ന് രാവിലെ 11നും ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. നാലാമത്തെ വിമാനം 21ന് രാവിലെ 7.15ന് പുറപ്പെട്ട് സൗദി സമയം രാവിലെ 11.15ന് ജിദ്ദയിലെത്തും. ഇതില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ 20ന് രാവിലെ 11ന് ക്യാമ്പിലെത്തണം. അഞ്ചാമത്തെ വിമാനം ജൂണ്‍ 22ന് രാവിലെ 8.50ന് പുറപ്പെടും. സൗദി സമയം ഉച്ചക്ക് 12.50ന് ജിദ്ദയിലെത്തും.
ഇതിലേക്കുള്ള തീര്‍ഥാടകര്‍ 21ന് ഉച്ചക്ക് 12ന് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കണ്ണൂരില്‍നിന്ന് അധികമായി അനുവദിച്ച വിമാനം ഞായറാഴ്ച രാത്രി 11.05ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ച 3.05ന് ജിദ്ദയിലെത്തും. ഇതില്‍ പുറപ്പെടേണ്ടവര്‍ ഞായറാഴ്ച രാവിലെ ഏഴിന് ക്യാമ്പിലെത്തണം.
അധിക വിമാനങ്ങളില്‍ അലോട്ട്മെന്റ് ലഭിച്ച തീർഥാടകര്‍ ഹജ്ജ് കമ്മിറ്റി അറിയിച്ച സമയത്തുതന്നെ യാത്രക്ക് സജ്ജരായി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ടിങ് സമയം ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ കവര്‍ നമ്പര്‍ നല്കി ഹാജിമാര്‍ക്ക് അവരുടെ യാത്ര തീയതി പരിശോധിക്കാം.
കാത്തിരിപ്പ് പട്ടികയില്‍നിന്നും മറ്റും അവസരം ലഭിച്ചവര്‍ക്ക് ജൂണ്‍ 22നകം അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.