പട്ടികജാതി ഡയറക്ടറുടെ ഉത്തരവുകൾ ഡയറക്ടറേറ്റിൽനിന്ന് അപ്രത്യക്ഷമായി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ സർക്കാറിെൻറ കാലത്തെ പട്ടികജാതി ഡയറക്ടറുടെ ഉത്തരവുകളടക്കം ഡയറക്ടറേറ്റിൽനിന്ന് അപ്രത്യക്ഷമായി. ഭൂരഹിത പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങാനുള്ള പദ്ധതി സംബന്ധിച്ച വിവരങ്ങളാണ് ലഭ്യമല്ലാത്തത്.
2012–13 മുതൽ 2015–16 വരെയുള്ള സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ഭൂരഹിത പുനരധിവാസ പദ്ധതി നടപ്പാക്കാൻ ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയാറാക്കിയത് ഡയറക്ടറേറ്റിലാണ്.
ജില്ല ഓഫീസർക്ക് കൈമാറിയ ഗുണഭോക്താക്കളുടെ പേരും തുകയും രേഖപ്പെടുത്തിയ ഉത്തരവുകളുടെ പകർപ്പ് ഡയറക്ടറേറ്റിൽ ലഭ്യമല്ലെന്നാണ് ജോയൻറ് ഡയറക്ടർ (വികസനം) ഡോ.പി.ബി. ഗംഗാധരൻ ‘മാധ്യമ’ത്തിന് നൽകിയ മറുപടി.
പട്ടിക അനുസരിച്ചാണ് ജില്ല ഓഫിസർമാർ ഭൂമി വാങ്ങാൻ തുക വിതരണം ചെയ്തത്. അർഹതയില്ലാത്തവർക്ക് തുക നൽകാൻ ഡയറക്ടറേറ്റിൽനിന്ന് സമ്മർദമുണ്ടായെന്നും ഉദ്യോഗസ്ഥതലത്തിൽ പട്ടികയിൽ അട്ടിമറി നടന്നെന്നും ആരോപണമുണ്ട്. ഗുണഭോക്താക്കളുടെ വിവരം അന്വേഷിച്ച് റിപ്പോർട്ട് നൽകേണ്ടത് ജില്ല ഓഫിസാണെങ്കിലും അവർ നൽകിയ പട്ടികയല്ല ഡയറക്ടറേറ്റിൽനിന്ന് തിരിച്ചു ലഭിച്ചത്.
പദ്ധതിയിൽ അരങ്ങേറിയ അഴിമതിയിൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ ലോബിക്ക് പങ്കുണ്ടെന്നും ആക്ഷേപമുണ്ട്. തുടർന്ന് ഇതുസംബന്ധിച്ച ഫയലുകൾ ഒളിപ്പിക്കാൻ രഹസ്യതീരുമാനമെടുക്കുകയായിരുന്നു. വിവരാവകാശ നിയമം അനുസരിച്ച് ആവശ്യപ്പെട്ടാലും നൽകേണ്ടതില്ലെന്നാണ് തീരുമാനം. നാലുവർഷം സംസ്ഥാനത്താകെ ഭൂമി വാങ്ങൽ പദ്ധതിക്ക് ചെലവഴിച്ചത്് 557 കോടിയാണ്. സാധാരണ പട്ടികജാതിക്കാർക്കുള്ള പദ്ധതികൾ പാതിവഴിയിലായപ്പോൾ ഭൂമി വാങ്ങാനുള്ള ഫണ്ട് പൂർണമായും ചെലവഴിച്ചു.
ആകെ അനുവദിച്ച 558 കോടിയിൽ 557 കോടിയും ചെലവഴിച്ചു. എന്നാൽ, പദ്ധതി നടപ്പാക്കിയതിൽ സംഭവിച്ച അട്ടിമറി തിരിച്ചറിയണമെങ്കിൽ ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി നൽകിയതിെൻറ കണക്ക് ലഭിക്കണം. ഇക്കാര്യം പുറത്തറിയാതിരിക്കാനാണ് ഫയലുകൾ ലഭ്യമല്ലെന്ന് ഡയറക്ടറേറ്റ് മറുപടി നൽകുന്നത്.
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് അനുസരിച്ചാണ് വിവരങ്ങൾ നൽകാൻ കഴിയാത്തതെന്ന് ഓഫിസർ മറുപടിയിൽ വ്യക്തമാക്കിയിട്ടില്ല. പദ്ധതി നടപ്പാക്കിയത് സംബന്ധിച്ച് ഡയറക്ടറേറ്റിൽ അവശേഷിക്കുന്നത് ഒരു പേജ് വിവരമാണ്. അതിൽ സംസ്ഥാനത്താകെ ഓരോ വർഷവും അനുവദിച്ച തുക, ചെലവഴിച്ച തുക, ഗുണഭോക്താക്കളുടെ എണ്ണം എന്നിവ മാത്രം. ബാക്കി വിവരങ്ങളടങ്ങിയ ഫയൽ കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിക്കില്ലെന്ന് ഡയറക്ടറേറ്റിലെതന്നെ ചില ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.