സർക്കാർ അവഗണനയുടെ നേർകാഴ്ചയായി പട്ടികജാതി കോളനി
text_fieldsപരവൂർ: പൂതക്കുളം പഞ്ചായത്തിലെ കലയ്ക്കോട് പാറവിള പട്ടികജാതി കോളനി അടിസ്ഥാന വികസന കാര്യത്തിൽ എന്നും പിന്നിൽ. 58 പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ 63 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ യാത്രാക്ലേശം ഉൾപ്പെടെ പ്രശ്നങ്ങൾ ഒട്ടേറെയാണ്. പൂർത്തിയാകാത്ത കുടിവെള്ള പദ്ധതികൾ, തകർന്ന് വീഴാറായ വീടുകൾ, പൊട്ടിപൊളിഞ്ഞ റോഡുകൾ തുടങ്ങിയവ ഇവിടെ പതിവ് കാഴ്ചയാണ്.
വീടുകളുടെ അറ്റകുറ്റ പണികൾക്ക് ഫണ്ട് അനുവദിക്കാതെ വർഷങ്ങളായി പാറവിള കോളനിയെ അവഗണിക്കുന്ന സമീപനമാണ് അധികൃതരുടേത്.
ലക്ഷകണക്കിന് രൂപ ചിലവഴിച്ച് കോളനിയിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതിയും, കോളനിയിലെ തെരുവുവിളക്ക് പദ്ധതിയും പാതിവഴിയിലാണ്. ശുദ്ധജല പദ്ധതി നടപ്പിലാക്കിയിട്ട് വർഷങ്ങളായി. ഇതുവരെയും ഒരു വീട്ടിലും ശുദ്ധജലം എത്തിച്ചിട്ടില്ല.
കുടിവെള്ളത്തിനായി കുഴിച്ച കുഴൽകിണറും സോളാർ പാനലും കാട് കയറി നശിച്ചു. ആകപ്പാടെ ആശ്രയമായുള്ളത് ഒരു പൊതു കിണർ മാത്രമാണ്. വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി ചില വീടുകൾ കോൺക്രീറ്റ് ചെയ്തെങ്കിലും അവയ്ക്കു മെച്ചപ്പെട്ട ജനലുകൾ, വാതിലുകൾ എന്നിവ ഇല്ല. വീടുകളിൽ വൈദ്യുതി ഉണ്ടെങ്കിലും സുരക്ഷിതമായ വയറിങ് ജോലികൾ ചെയ്തിട്ടില്ല.
കോളനി സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു ചുറ്റിലും മതിൽ, റോഡ് നവീകരണം, വഴിവിളക്ക് സ്ഥാപിക്കൽ എന്നിവ നടപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
2010 ൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കമ്യൂണിറ്റി ഹാൾ സംരക്ഷണം ഇല്ലാത്ത അവസ്ഥയിലാണ്. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിനോട് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ മുഖം തിരിക്കുകയാണ്. പട്ടികജാതി വകുപ്പ് നിർമ്മിച്ച വിഞ്ജാൻവാടിയും സംരക്ഷണമില്ലാതെ നശിക്കുകയാണ്.
ഇവിടുത്തെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന ആവശ്യത്തോട് വർഷങ്ങളായി മുഖം തിരിഞ്ഞ് നിൽക്കുകയാണ് ജനപ്രതിനിധികളും സർക്കാർ സംവിധാനവും.പൊതുഗതാഗതത്തിന് നിരവധി നിവേദനങ്ങളാണ് സർക്കാരിനും ജനപ്രതിനിധികൾക്കും നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.