Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടികജാതി ഫണ്ട്...

പട്ടികജാതി ഫണ്ട് കൊള്ള:പരിശീലനം 100 പേർക്ക്, വിദേശത്ത് ജോലി ലഭിച്ചത്​ 30 പേർക്ക്​ മാത്രം

text_fields
bookmark_border
പട്ടികജാതി ഫണ്ട് കൊള്ള:പരിശീലനം 100 പേർക്ക്, വിദേശത്ത് ജോലി ലഭിച്ചത്​ 30 പേർക്ക്​ മാത്രം
cancel

കൊച്ചി: വിദേശത്ത് തൊഴിൽ തേടുന്ന പട്ടികജാതി യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതി പട്ടികജാതി വകുപ്പ് അട്ടിമറിച്ചവെന്ന് എ.ജിയുടെ റിപ്പോർട്ട്​. സർക്കാർ കൊട്ടിഘോഷിച്ച പദ്ധതികളിലൊന്നായിരുന്നു വിദേശരാജ്യങ്ങളിൽ തൊഴിൽ നൽകുന്ന പദ്ധതി. എന്നാൽ, മറ്റ് പല പദ്ധതികൾ പോലെ പട്ടികജാതി ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ ഈ പദ്ധതിയും അട്ടിമറിച്ചുവെന്നാണ് എ.ജിയുടെ കണ്ടെത്തൽ. 100 പേർക്ക് പരിശീലനം നൽകി വിദേശത്ത് ജോലി നൽകാനായിരുന്നു തുക അനുവദിച്ചത്. എന്നാൽ, തൊഴിൽ ലഭിച്ചത് 30 പേർക്ക് മാത്രം. എ.ജി നടത്തിയ അന്വേഷണത്തിലൂടെ പുറത്ത് വന്നത് പട്ടികജാതി ഡയറക്ടറേറ്റിൽ നടന്ന ക്രമക്കേടാണ്.

വിദേശ തൊഴിൽ തേടുന്ന എസ്‌.സി യുവാക്കൾക്ക് സാമ്പത്തിക സഹായം എന്ന പദ്ധതിക്ക് സർക്കാർ ഭരണപരമായ അനുമതി നൽകിയത് 2013ൽ ആണ്. സർക്കാർ ഉത്തരവിലെ 12 നിബന്ധനകൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി യുവാക്കൾക്കും 50,000 ധനസഹായം അനുവദിച്ചത്. ഗുണഭോക്താവിന് 50 ശതമാനം സഹായം മുൻ‌കൂട്ടി നൽകുകയും യാത്രാ ടിക്കറ്റ് ഡയറക്ടറേറ്റ് ഒഡെപെക്കുമായി ആലോചിച്ച് ക്രമീകരിക്കുകയും ചെയ്യും. തൊഴിൽ കരാർ പ്രകാരം വിദേശ തൊഴിൽ ദാതാവ് സാക്ഷ്യപ്പെടുത്തിയ തിരഞ്ഞെടുത്ത ഉദ്യോഗാർഥിയുടെ ഡ്യൂട്ടി ജോയിനിങ് റിപ്പോർട്ട് ഡയറക്ടറേറ്റിൽ ലഭിക്കുമ്പോൾ ശേഷിക്കുന്ന 50 ശതമാനം സഹായം ഗുണഭോക്താവിൻെറ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു വ്യവസ്ഥ.

2018 ജൂലൈ 23ന് സാമ്പത്തിക സഹായം 50,000 ൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി. 100 എസ്‌.സി വിദ്യാർഥികൾക്ക് ഹോസ്പിറ്റാലിറ്റി സർട്ടിഫക്കറ്റ് കോഴ്സിൽ പരിശീലനം നൽകുന്നതിനുള്ള നിർദ്ദേശം ഡയറക്ടർ സർക്കാരിന് സമർപ്പിച്ചു. പദ്ധതിക്ക് 3.25 കോടി രൂപ നിശ്ചയിച്ചു. 2018 ജനുവരി എട്ടിന് നടന്ന ഡിപ്പാർട്ട്മെൻറൽ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പദ്ധതിക്ക് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകാരം നൽകി. 2018 ജനുവരി 29ന് 3.25 കോടി വ്യവസ്ഥകൾക്ക് വിധേയമായി പരിശീലനത്തിനുള്ള സഹായം അനുവദിച്ചു.ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് സർട്ടിഫക്കറ്റ് കോഴ്സിൽ പരിശീലനത്തിന് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് എന്ന സ്ഥാപനത്തെ ഏൽപ്പിച്ചു.

സർക്കാർ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ കോഴ്‌സ് നടത്താൻ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് സ്റ്റഡീസിൽ നിന്ന് താൽപ്പര്യം പ്രകടിപ്പിച്ചതായി എസ്‌.സി. ഡയറക്ടർ അറിയിച്ചു. തിരഞ്ഞെടുത്ത 100 വിദ്യാർഥികൾക്ക് മൊത്തം കോഴ്‌സ് ഫീസ് 2.10 കോടി രൂപ അനുവദിച്ചു. പരിശീലനം തൃപ്തികരമായി നടത്തിയെന്ന് രേഖപ്പെടുത്തി കോഴ്‌സ് ഫീസ് മൂന്ന് തവണകളായി ഗ്ലോബലിന് നൽകി. എന്നാൽ, കോഴ്‌സിൽ പങ്കെടുത്ത 100 പേരിൽ 30 വിദ്യാർഥികൾക്ക്​ വിദേശത്ത് തൊഴിൽ ലഭിച്ചു. ഇവർക്ക് ലക്ഷം രൂപ (വീതം ഒരു ലക്ഷം രൂപ) സ്ഥാപനത്തിലേക്ക് വിട്ടുകൊടുക്കാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.

2020 ജനുവരി 10ന് 30 ലക്ഷം നൽകുന്നതിനും അനുമതി നൽകി. ഡയറക്ടറുടെ 2018 ജനുവരി 29, 2020 ജനുവരി 10 എന്നീ തീയതികളിലെ കത്തും സർക്കാർ ഉത്തരവുകളും പ്രകാരം, വിദേശ തൊഴിൽ തേടുന്നതിന് ഗുണഭോക്താവിന് ലഭിക്കുന്ന സാമ്പത്തിക സഹായം നൽകുന്നത് പരിശീലനം നടത്തുന്നതിനും യാത്രാ ചെലവുകൾക്കുമാണ്. എന്നാൽ, 30 ലക്ഷം പരിശീലന സ്ഥാപനത്തിന് നൽകാൻ ഉത്തരവിട്ടു. ഇത് നിബന്ധനങ്ങളുടെ ലംഘനമാണ്.

ഏജൻസി തെരഞ്ഞെടുക്കൽ നിലവിലുള്ള വ്യവസ്ഥകൾ പാലിക്കുമെന്ന് ഡയറക്ടർ ഉറപ്പാക്കുകയും ചെയ്യണമെന്നായിരുന്നു നിർദേശം. പ്രോഗ്രാം വിജയകരമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ബാലൻസ് തുക ഡയറക്ടറുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ അനുവദിക്കണമെന്നായിരുന്ന വ്യവസ്ഥ. പ്രോഗ്രാം നിരീക്ഷിക്കേണ്ടതും വിലയിരുത്തുന്നത്തേണ്ടതും ഡയറക്ടറുടെ ചുമതലയായിരുന്നു. ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ച് പതിവായി സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതും ഡയറക്ടറുടെ ഉത്തരവാദിത്തമായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വിദേശ തൊഴിലിനായി സാമ്പത്തിക സഹായം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും പരിശീലനം തേടുന്ന സ്ഥാപനത്തിൻെറ ബാങ്ക് അക്കൗണ്ടിലേക്കല്ലെന്നും വ്യവസ്ഥകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവിലെ വ്യവസ്ഥകളുടെ ലംഘനമാണ് നടന്നത്.

സർക്കാർ പരിശീലന കേന്ദ്രങ്ങൾക്ക് പകരമായി സ്വകാര്യ കോച്ചിംഗ് സെൻററായ "ഗ്ലോബലിൽ" പരിശീലനം നൽകുന്നതിന് അമിത കോഴ്‌സ് ഫീസ് നൽകി. 100 വിദ്യാർഥികൾക്ക് മൊത്തം കോഴ്‌സ് ഫീസ് 2.10 കോടിയാണ് നൽകിയത്. ഒരാൾക്ക് ശരാശരി 2,10,120 രൂപ. അത് അമിതമായ ഫീസായിരുന്നു. കോഴ്‌സ് കുറഞ്ഞ നിരക്കിൽ നൽകുന്ന സർക്കാർ പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. അതിന് പകരം സ്വകാര്യ കോച്ചിങ് ഏജൻസിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം ഡയറക്ടർ ഹാജരാക്കിയ രേഖകളിൽ നിന്ന് വ്യക്തമല്ല.

തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് 100 ശതമാനം തൊഴിൽ ഗ്യാരണ്ടിയിൽ 100 വിദ്യാർഥികളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, 30 പേരെ മാത്രമാണ് വിദേശത്ത് തൊഴിലിൽ പ്രവേശിക്കാനായത്. പരിശീലനം ലഭിച്ച എല്ലാ വിദ്യാർഥികൾക്കും 100 ശതമാനം പ്ലേസ്‌മെൻറ് ഉറപ്പുനൽകുന്ന നിബന്ധന പരിശീലന സ്ഥാപനവുമായുള്ള കരാർ ഉണ്ടായിരുന്നു. കോഴ്‌സ് പൂർത്തിയാക്കിയ ബാക്കി 70 ഉദ്യോഗാർഥികൾക്ക് വിദേശ തൊഴിൽ നഷ്ടപ്പെടാനുള്ള കാരണം ഡയറക്ടറേറ്റിലെ രേഖകളിൽ വ്യക്തമല്ല. അതേസമയം, സ്വകാര്യ സ്ഥാപനത്തിന് അനാവശ്യ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനും ക്രമരഹിതമായി അനുമതി നൽകി. കരാർ വ്യവസ്ഥകളുടെ വെളിച്ചത്തിൽ 100 ​​ശതമാനം പ്ലെയ്‌സ്‌മെന്റ് ലഭിക്കുന്നതിന് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിട്ടില്ല. ഇത് പട്ടികജാതി ഡയറക്ടറേറ്റിൻെറ ഗുരുതര വീഴ്ചയാണ്. പട്ടികജാതി ജനവിഭാഗത്തിൻെറ വികസനത്തിന് സർക്കാർ നീക്കിവെക്കുന്ന തുക തട്ടിയെടുക്കാൻ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യസ്ഥാപനവും തമ്മിൽ നടത്തിയ ഒത്തുകളിയാണ് എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job scam
News Summary - Scheduled Caste Fund Robbery: 100 people got training and only 30 got jobs abroad
Next Story