പട്ടികജാതി ക്ഷേമഫണ്ട്: തട്ടിപ്പുകാരെ സംരക്ഷിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് നടത്തിയവരെ സംരക്ഷിച്ച് സി.പി.എം ജില്ല നേതൃത്വം. തട്ടിപ്പിൽ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്ന് പേരൂർക്കട ഏരിയ സമ്മേളനത്തിലും പാറശ്ശാലയിൽ നടന്ന ജില്ല സമ്മേളനത്തിലും അംഗങ്ങൾതന്നെ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ജില്ല നേതൃത്വം മൗനം പാലിക്കുകയായിരുന്നു. വി.കെ. പ്രശാന്ത് മേയർ ആയിരുന്ന കാലത്ത് പ്രതിൻ സാജ് കൃഷ്ണയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് എ.സി പ്രമോട്ടറുടെ ഒഴിവിലേക്ക് വാരിക്കോണം സ്വദേശിയും ഡി.വൈ.എഫ്.ഐ നെട്ടയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാഹുൽ രവിയെ നിയമിച്ചത്. തുടർന്ന് പ്രതിന്റെയും രാഹുൽ രവിയുടെയും പട്ടികജാതി വികസന ഓഫിസിലെ വിവിധ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടിലേക്ക് പട്ടികജാതി ഫണ്ട് ഒഴുകി.
വിവിധ പദ്ധതികളിൽ യോഗ്യരായ അപേക്ഷകർക്ക് പുറമെ പ്രതിനും സംഘവും ചേർന്ന് വ്യാജരേഖകളുടെ പിൻബലത്തോടെ പത്തും ഇരുപതും വ്യാജ അപേക്ഷകൾ കൂടി തിരുകിക്കയറ്റും. ഈ അപേക്ഷകൾ വ്യാജമാണെന്ന് അറിഞ്ഞിട്ടും ഉന്നതർ അംഗീകരിക്കും. അതുകൊണ്ടുതന്നെ പദ്ധതികൾക്കായി അപേക്ഷിച്ച യഥാർഥ ഗുണഭോക്താക്കൾക്ക് ആർക്കും പണം കിട്ടിയില്ലെന്ന പരാതി ഉണ്ടാകാറില്ല. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്ക്കായി ഭൂമി വാങ്ങി നല്കിയതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല് ക്രമക്കേടുകള് നടന്നിട്ടുള്ളത്.
രണ്ടരക്കോടിയുടെ ക്രമക്കേടാണ് ഭൂമി വാങ്ങിയതിൽ നടന്നിട്ടുള്ളത്. പ്രതിൻ സാജ് വഴിയാണ് മുൻ മന്ത്രിയുടെ മകന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കൊണ്ടിരുന്നത്. ഇയാളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതിൻ സാജിനെ പൊലീസിന് വിട്ടുകൊടുക്കാൻ പാർട്ടി ഭയക്കുന്നത്.
മുൻ പട്ടികജാതി പട്ടികവിഭാഗം മന്ത്രിയായിരുന്ന എ.കെ. ബാലന് ഈ തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണവും ഇതിനെ ചുറ്റിപ്പറ്റിയാണ്. എസ്.സി പ്രമോട്ടറായി 7,000 രൂപ ഓണറേറിയത്തിൽ ജോലിയിൽ പ്രവേശിച്ച രാഹുൽ അധികം വൈകാതെതന്നെ വേറ്റികോണം മണികണ്ഠേശ്വരത്ത് 19 ലക്ഷം രൂപക്ക് ആറ് സെന്റ് വസ്തു വാങ്ങി. ഇതിൽ ആറ് ലക്ഷം വ്യാജരേഖകൾ ചമച്ച് എസ്.സി വിഭാഗത്തിന് ഭൂമി നൽകുന്ന പദ്ധതിയിൽ സ്വന്തം പേര് ഉൾപ്പെടുത്തി രാഹുൽ രവി സ്വന്തമാക്കിയതാണ്.
വേറ്റിക്കോണത്ത് രാഹുലിന്റെ പിതാവിന്റെ പേരിൽ വ്യാജരേഖ ചമച്ച് സ്വയം സഹായസംഘം രൂപവത്കരിച്ചതായി കാണിച്ച് ഏഴര ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. തിരുവനന്തപുരം പട്ടത്ത് തണൽ പുരുഷ സഹായസംഘമെന്ന പേരിൽ ബന്ധുവിന്റെ വ്യാജരേഖകൾ ചമച്ച് രാഹുൽ പണം തട്ടി. ഭാര്യ അനുപ്രിയയുടെയും പിതാവിന്റെയും അക്കൗണ്ടുകൾ ഇതിനായി പ്രമോട്ടർ രാഹുൽ രവി ഉപയോഗിച്ചിരുന്നു. പക്ഷേ, ഈ വിവരങ്ങളും പട്ടികജാതി വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിലില്ല. പി.എസ്.സിയുടെ ഹൈസ്കൂൾ അസിസ്റ്റൻറ് റാങ്ക് ലിസ്റ്റിലുള്ള താൻ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് തട്ടിപ്പിന് ചുക്കാൻ പിടിച്ച പ്രതിൻസാജിന്റെയും മരിച്ച വിഷ്ണു സോമന്റെയും സീനിയർ ക്ലർക്ക് ആർ.യു. രാഹുലിന്റെയും വിവരങ്ങൾ പാർട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന് കത്തായി രാഹുൽ നൽകിയത്. കത്തിന്റെ ഒരു പകർപ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും നൽകിയിരുന്നു.
പക്ഷേ, പ്രതിൻ പിടിയിലായാൽ മുൻ മന്ത്രി പുത്രനും മറ്റ് പലരും വെട്ടിലാകുമെന്ന് കണ്ടതോടെ പാർട്ടി നേരിട്ട് അന്വേഷണത്തിൽ ഇടപെടുകയായിരുന്നുവെന്ന് കേസിലെ അദ്യഘട്ട അന്വേഷണ ഉദ്യോഗസ്ഥരിൽ പ്രമുഖൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കേസിലെ പിടിയിലായവർക്കെല്ലാം ഊരിപ്പോരാൻ കഴിയുന്ന വകുപ്പുകളിട്ട് നൽകണമെന്ന നിർദേശമാണ് സി.പി.എം ജില്ല ഓഫിസിൽ നിന്നും നൽകിയത്. ഇതിന്റെ ഭാഗമായി അറസ്റ്റിലായ 11 പേരും ജാമ്യത്തിൽ പുറത്തുണ്ട്. വിവരങ്ങൾ ബി.ജെ.പിക്ക് ചോർത്തിക്കൊടുത്തെന്നാരോപിച്ച് രാഹുൽ രവിയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത പാർട്ടി, ആരോപണമുയർന്ന പ്രതിൻ സാജിനെതിരെ ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.
എല്ലാം പാർട്ടി തീരുമാനിക്കും
സീനിയർ ക്ലർക്ക് ആർ.യു. രാഹുലിന് പുറമെ ഇയാളുടെ ഭാര്യ എസ്.എസ്. ശ്രുതി, സഹോദരി ആർ.യു. രേഷ്മ, ബന്ധു ശശിധരൻ ആർ.ആർ, പ്രമോട്ടർമാരായ രാഹുൽ രവി, വിശാഖ് സുധാകരൻ, കോർപറേഷനിലെ സീനിയർ ക്ലർക്ക് പൂർണിമ കനി, എറണാകുളം സ്വദേശി റോഷ് ആന്റണി, ജോണി തോമസ്, ദിനു എസ്, സുമി പി.എസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എന്നാൽ തട്ടിപ്പിന് മേൽനോട്ടം വഹിച്ച നഗരസഭയിലെ പട്ടികജാതി വികസന ഓഫിസിലെ മുഖ്യ ഉദ്യോഗസ്ഥർക്കെതിരെ കേസോ അന്വേഷണമോ ഉണ്ടായിട്ടില്ലെന്നത് അന്വേഷണം തട്ടിപ്പാണെന്നതിന് തെളിവാണ്. സീനിയർ ക്ലർക്കായ രാഹുൽ മുഖേനയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ 'മാധ്യമം'അന്വേഷണത്തിൽ 19.10.2020ൽ രാഹുലിനെ വെള്ളനാട് പട്ടികജാതി ഓഫിസിലേക്ക് സ്ഥലംമാറ്റിയിരുന്നു. പക്ഷേ, രാഹുൽ സ്ഥലം മാറിയതിന് ശേഷവും 2020 നവംബർ എട്ടിനും 2021 മാർച്ച് 10നും വിവിധ പദ്ധതികളിലേക്കെത്തിയ തുക വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ട്.
തട്ടിപ്പ് നടന്ന കാലയളവിൽ രാഹുലിനൊപ്പം മേലുദ്യോഗസ്ഥരായിരുന്ന പട്ടികജാതി വികസന ഓഫിസർ ഗ്രേഡ് ഒന്ന് എസ്.ആർ. മനോജ് (കാലയളവ് 2017 ഏപ്രിൽ ഒന്നുമുതൽ 2019 ജൂൺ രണ്ടുവരെ) പട്ടികജാതി വികസന ഓഫിസർ ഗ്രേഡ് ഒന്ന് പ്രജിത് ലാൽ എസ്.എസ് (കാലയളവ് 2019 ജൂൺ മൂന്ന് മുതൽ 2021 മാർച്ച് 31 വരെ) പട്ടികജാതി വികസന ഓഫിസർ ഗ്രേഡ് ഒന്ന് സി.ജെ. ഹരികൃഷ്ണൻ (കാലയളവ് 2019 ജനുവരി 30 മുതൽ 2020 ജൂലൈ 28 വരെ) എന്നിവരുടെ പങ്കുകൾ പൊലീസ് അന്വേഷിച്ചിട്ടില്ല. ഓഡിറ്റ് റിപ്പോർട്ടിലും ഇവരുടെ പേരുകൾ ഉണ്ടായിരിക്കുകയും ഇവർക്കെതിരെയും മുഖ്യപ്രതിയായ ആർ.യു. രാഹുലും പ്രമോട്ടർ രാഹുൽ രവിയും മൊഴി നൽകിയിരുന്നെങ്കിലും മൂവരെയും പ്രതിയാക്കരുതെന്ന നിർദേശമാണ് സി.പി.എം ജില്ല നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.