പട്ടികജാതി, ഗോത്രവര്‍ഗ കമീഷന്‍ അദാലത്ത്: 67 പരാതികള്‍ക്ക് പരിഹാരം
text_fieldsകൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ജില്ലയില്‍ നടത്തുന്ന അദാലത്തില്‍ ആദ്യദിനം 67 പരാതികള്‍ തീര്‍പ്പാക്കി. കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്.അജയകുമാര്‍ (മുന്‍ എം.പി), അഡ്വ. സൗമ്യ സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 87 പരാതികളാണ് ആകെ പരിഗണിച്ചത്.
നാല് പരാതികളില്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. പുതിയതായി ഏഴ് പരാതികള്‍ അദാലത്ത് വേദിയില്‍ ലഭിച്ചു. പട്ടികജാതി പട്ടികഗോത്ര വര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
മൂന്ന് ബെഞ്ചുകളിലായി പരാതിക്കാരെയും എതിര്‍കക്ഷികളെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി വാദങ്ങള്‍ വിശദമായി കേട്ടുകൊണ്ടാണ് ഓരോ പരാതികളും തീര്‍പ്പാക്കിയത്. അതിര്‍ത്തി തര്‍ക്കങ്ങള്‍, കൈയേറ്റം, വഴി തര്‍ക്കങ്ങള്‍ തുടങ്ങിയ ഭൂമി സംബന്ധ വിഷയങ്ങളാണ് ആദ്യദിനം ഏറ്റവും കൂടുതല്‍ പരിഗണനയ്ക്ക് വന്നത്. പട്ടിക വിഭാഗക്കാർക്കു നേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു.
ജില്ലാ പ്ലാനിങ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ എസ്.സി-എസ്.ടി കമീഷന്‍ രജിസ്ട്രാര്‍ ഡി. ലീന ലിറ്റി, അസിസ്റ്റന്റ് രജിസ്റ്റര്‍ ബിന്ദു രാമനാഥ്, പട്ടികജാതി-പട്ടികവര്‍ഗം, പൊലീസ്, റവന്യു, വനം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭണം, ആരോഗ്യം, സഹകരണം, തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. അദാലത്ത് നാളെയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.