പട്ടികജാതിക്കാരനെ തഴഞ്ഞു; കാർഷിക സർവകലാശാലക്കെതിരെ പട്ടികജാതി-വർഗ കമീഷൻ കേസ്
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിൽ വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല കൈമാറുന്നതിൽ പട്ടികജാതിക്കാരനെ തഴഞ്ഞത് സംബന്ധിച്ച് സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ സ്വമേധയ കേസെടുത്തു. ഇത് സംബന്ധിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമീഷൻ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് സർവകലാശാല രജിസ്ട്രാർക്ക് നോട്ടീസ് അയച്ചു.
വി.സിയുടെ താൽക്കാലിക ചുമതല ഏറ്റവും സീനിയറും അഞ്ചര വർഷം ഫാക്കൽറ്റി ഡീനുമായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വെള്ളായണി കാർഷിക കോളജിലെ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മേധാവി ഡോ. എ. അനിൽകുമാറിന് നൽകാതെ ജൂനിയറായ ഡോ. കെ. ആര്യക്ക് നൽകിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ ഇടപെടൽ. പത്രവാർത്തകളുടെ പകർപ്പ് അടക്കം രജിസ്ട്രാർക്ക് അയച്ചിട്ടുണ്ട്.
കാർഷിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ആർ. ചന്ദ്രബാബു വിരമിച്ച ഒഴിവിലേക്ക് സംസ്ഥാന കാർഷികോൽപാദന കമീഷണർ ഇഷിത റോയിക്കാണ് സർക്കാർ വി.സിയുടെ ചുമതല നൽകിയത്. ഇതിനെതിരെ സർവകലാശാലയിലെ ഇടത് അധ്യാപക സംഘടന ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെ ഇഷിത റോയി അവധിയിൽ പ്രവേശിച്ചു.
ഇക്കാലത്താണ് താൽക്കാലിക ചുമതല വെള്ളായണി കാർഷിക കോളജ് പ്ലാന്‍റ് ബ്രീഡിങ് വിഭാഗം മേധാവി ഡോ. ആര്യക്ക് നൽകിയത്. പ്രോ ചാൻസലറായ കൃഷിമന്ത്രിയുടെ ഓഫിസാണ് ഈ ചുമതല നൽകിയത്. ഈ ഘട്ടത്തിൽ സീനിയറായ ഡോ. അനിൽകുമാറിനെ പരിഗണിച്ചില്ലെന്ന വാർത്തകളാണ് പട്ടികജാതി-വർഗ കമീഷൻ സ്വമേധയാ കേസെടുക്കാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.