മൂന്ന് പൊതുമേഖല സ്ഥാപനങ്ങളിൽ പട്ടിക വിഭാഗത്തിന് പ്രാതിനിധ്യമില്ല
text_fieldsതിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽപെട്ട ഒരു ജീവനക്കാരൻ പോലുമില്ലാതെ സംസ്ഥാനത്തെ അഞ്ച് പൊതുമേഖല സ്ഥാപനങ്ങൾ. മൂന്ന് സ്ഥാപനങ്ങളിൽ പട്ടികജാതിയിലോ പട്ടികവർഗത്തിലോ ഉള്ള ആരുമില്ല.
പൊതുമേഖലയിലെ താൽക്കാലിക നിയമനത്തിനടക്കം സംവരണ വ്യവസ്ഥകൾ പാലിക്കണമെന്ന് കർശന വ്യവസ്ഥ ഉള്ളപ്പോഴാണ് സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗത്തിന്റെ ഈ സ്ഥിതി. 105 പൊതുമേഖല സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 51ലും പട്ടികവിഭാഗ പ്രാതിനിധ്യം നികത്താനുണ്ട്. ഉയർന്ന തസ്തികകളിൽ ഈ വിഭാഗത്തിന് ലഭിക്കേണ്ട അനവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് തയാറാക്കിയ 2021ലെ അവലോകന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. എല്ലാ സ്ഥാപനങ്ങളുടെയും കണക്കെടുത്താൽ പട്ടിക ജാതിക്ക് 219ഉം പട്ടികവർഗത്തിന് 466ഉം ഉൾപ്പെടെ 685 പേരുടെ പ്രതിനിധ്യക്കുറവ് കണ്ടെത്തി. ഏറ്റവും ഉയർന്ന തസ്തികകളിൽ പട്ടിക ജാതിക്ക് മൂന്നുപേരുടെയും പട്ടികവർഗത്തിന് ആറുപേരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
മധ്യതലത്തിൽ പട്ടികജാതിക്ക് 43ഉം പട്ടിക വർഗത്തിന് 16ഉം താഴേത്തട്ടിൽ പട്ടിക ജാതിയുടെ 73ഉം പട്ടികവർഗത്തിന് 60ഉം വർക്കർ തലത്തിൽ പട്ടികജാതിയുടെ നൂറും പട്ടികവർഗത്തിന് 384ഉം തസ്തിക നികത്താനുണ്ട്.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ, ഫോം മാറ്റിങ് (ഇന്ത്യ) ലിമിറ്റഡ്, കേരള സ്മാൾ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ കൈറ്റ്, ട്രിവാൻഡ്രം സ്പിന്നിങ് മിൽ എന്നീ സ്ഥാപനങ്ങളിൽ ഒറ്റ പട്ടികവർഗ ജീവനക്കാരുമില്ല. കെ.എസ്.ഐ.ഡി.സിയിൽ 108ഉം ഫോം മാറ്റ്സിൽ 37ഉം സിഡ്കോയിൽ 920ഉം കൈറ്റിൽ 105ഉം സ്പിറ്റിങ് മില്ലിൽ 73ഉം ജീവനക്കാരാണുള്ളത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ്, നോർക്ക റൂട്ട്സ്, കേരള ഐ.ടി ഇൻഫ്രാസ്ട്രച്ചർ എന്നിവിടങ്ങളിൽ എക്സിക്യൂട്ടിവ് കാറ്റഗറിയിൽ പട്ടിക വിഭാഗത്തിൽപെട്ട ആരുമില്ല. ഐ.ഐ.ഐ.ടി.എം.കെയിൽ 23ഉം നോർക്കയിൽ 17ഉം ഐ.ടി ഇൻട്രാസ്ട്രച്ചറിൽ 25ഉം തസ്തികകൾ എക്സിക്യൂട്ടിവ് കാറ്റഗറിയിലുണ്ട്. കശുവണ്ടി വികസന കോർപറേഷനിൽ 243 പേരുടെ പ്രാതിനിധ്യ കുറവ് വർക്കർ തലത്തിലുണ്ട്.
കൂടുതൽ ജീവനക്കാരുള്ള റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ, മിനറൽസ് ആൻഡ് മെറ്റൽസ്, സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ, ബിവറേജസ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ വർക്കർ കാറ്റഗറിയിലും കെ.എസ്.ആർ.ടി.സി, സിഡ്കോ, ഭവന ബോർഡ് എന്നിവയിൽ വിവിധ കാറ്റഗറികളിലും പട്ടികവിഭാഗ ഒഴിവുകൾ നികത്താനുണ്ട്. പ്രാതിനിധ്യം ഉറപ്പാക്കാൻ സ്പെഷൽ റിക്രൂട്ട്മെന്റിന് റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.