പട്ടികജാതി കുടുംബങ്ങളുടെ ഡിജിറ്റൽ വിവരശേഖരണവുമായി പട്ടികജാതി വികസന വകുപ്പ്
text_fieldsകൊച്ചി: സംസ്ഥാനത്ത് പട്ടികജാതി കുടുംബങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കാൻ സർവേയുമായി പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങൾ ശേഖരിക്കാനാണ് ഭവനസന്ദർശനത്തിലൂടെ വിവരശേഖരണം ആരംഭിച്ചത്. ഇതേസമയം, സർക്കാർ നടപടി ജാതി സെൻസസ് ആവശ്യത്തെ ദുർബലപ്പെടുത്താനാണെന്ന് ആരോപിച്ച് ദലിത് സംഘടനകൾ സർവേ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
സമഗ്ര വിവരശേഖരണം ഡിജിറ്റൽ പ്ലാറ്റ്ഫോമിലാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സർവേയിൽ 286 വിവരങ്ങളാണ് ഡിജിറ്റലായി ശേഖരിക്കുന്നത്. ഇതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സർവേ വഴി ലഭിക്കുന്ന വിവരങ്ങൾ സഹായകരമാവുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
2009ൽ കിലയുടെ സഹകരണത്തോടെ നടത്തിയ വിവരശേഖരണത്തിനുശേഷം ഒന്നരപ്പതിറ്റാണ്ടിന് ശേഷമാണ് വകുപ്പിൽ കുടുംബങ്ങളുടെ വിപുലമായ ഡിജിറ്റൽ വിവരശേഖരണം. 941 ഗ്രാമപഞ്ചായത്തിലും 87 നഗരസഭകളിലും ആറ് കോർപറേഷനുകളിലും ഒരേ സമയമാണ് വിവരശേഖരണം പുരോഗമിക്കുന്നത്. ഇതിന് മുന്നോടിയായി പ്രമോട്ടർമാരടക്കമുള്ളവർക്ക് പരിശീലനവും നൽകിയിരുന്നു.
വിവരശേഖരണം പൂർത്തിയാകുന്നതോടെ പട്ടികജാതിയില്‍പെട്ട ഓരോ വ്യക്തിയെക്കുറിച്ചും സങ്കേതങ്ങള്‍, കുടുംബങ്ങള്‍ എന്നിവയെക്കുറിച്ചും ഒറ്റ ക്ലിക്കില്‍ വിവരം ലഭ്യമാക്കാന്‍ സാധിക്കും. എന്നാൽ, സർവേ ബഹിഷ്കരിക്കാനാണ് ദലിത് ആദിവാസി സംയുക്തസമിതി തീരുമാനം. ജാതി സെൻസസ് ആവശ്യത്തെ ദുർബലപ്പെടുത്തുന്ന നീക്കമാണിതെന്ന് സംയുക്ത സമിതി കൺവീനർ പുന്നല ശ്രീകുമാറും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.