വീടുകളുടെ നിർമാണം ഉടൻ പൂർത്തീകരിക്കണമെന്ന് പട്ടികജാതി വകുപ്പ്
text_fieldsകൊച്ചി: പട്ടികജാതി വികസന വകുപ്പിൽനിന്ന് ധനസഹായം കൈപ്പറ്റിയിട്ടും നിർമാണം പൂർത്തിയാക്കാത്ത വീടുകളുടെ കണക്കെടുക്കുന്നു. രണ്ടു ഗഡു സഹായം കൈപ്പറ്റിയ ശേഷം വർഷങ്ങളായി നിർമാണം പൂർത്തിയാക്കാത്ത വീടുകളുടെ കണക്കാണ് സംസ്ഥാന തലത്തിൽ ശേഖരിക്കുന്നത്. എ. ജിയുടെ ഓഡിറ്റ് നിർദേശത്തെ തുടർന്നാണ് നടപടി.
2007-08 സാമ്പത്തിക വർഷം മുതൽ 2017-18 സാമ്പത്തിക വർഷം വരെയാണ് വകുപ്പിൽനിന്ന് ഭവന നിർമാണത്തിന് നേരിട്ട് ധനസഹായം അനുവദിച്ചിരുന്നത്. ലൈഫ് ഭവന പദ്ധതി ആരംഭിച്ചശേഷം ലൈഫ് വഴിയാണ് പട്ടികജാതി ഗുണഭോക്താക്കൾക്കും വീട് നൽകുന്നത്. ഈ പത്ത് വർഷത്തിനിടെ ഭവന നിർമാണത്തിനായി ധനസഹായം കൈപ്പറ്റിയശേഷം നിരവധി ഗുണഭോക്താക്കൾ പണി പൂർത്തിയാക്കാത്തത് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം വരെ ധസഹായം കൈപ്പറ്റിയിട്ടും നിർമാണം പൂർത്തീകരിക്കാത്ത പഠനമുറികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വീടുകളുെടയും പഠനമുറികളുടെയും നിർമാണം പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ ഗുണഭോക്തൃമീറ്റിങ് ഉടൻ വിളിച്ചു ചേർക്കാനും നിർദേശിച്ചിട്ടുണ്ട്.
പട്ടികജാതി വികസന ഓഫിസർമാർ, എസ്.സി പ്രമോട്ടർമാർ, വകുപ്പിന് കീഴിലുള്ള അക്രഡിറ്റഡ് എൻജിനീയർമാർ, സോഷ്യൽ വർക്കർ എന്നിവർ പദ്ധതി പുരോഗതി പ്രത്യേകം വിലയിരുത്തണമെന്നാണ് പട്ടികജാതി വികസന വകുപ്പ് ജോ.ഡയറക്ടറുടെ നിർദേശം. പൂർത്തീകരിക്കാത്ത പദ്ധതികൾക്കായി അടുത്ത സാമ്പത്തിക വർഷം മുതൽ ഫണ്ട് അനുവദിക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ആകെ തുകയുടെ 30 ശതമാനം ആദ്യഗഡുവായും പകുതി രണ്ടാം ഗഡുവായും ബാക്കി 20 ശതമാനം അവസാന ഗഡുവുമായാണ് ഭവന നിർമാണമടക്കമുള്ള വ്യക്തിഗത പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് സഹായം അനുവദിച്ചിരുന്നത്. ഇതിൽ പണിമുടങ്ങി കിടക്കുന്നവർക്ക് അവസാന ഗഡുവിന്റെ പകുതി കൂടി കൂടുതൽ അനുവദിച്ചാണ് നിർമാണം പൂർത്തീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.