മത്സ്യമേഖലയിൽ ആദിവാസികൾക്ക് പദ്ധതി
text_fieldsബേപ്പൂർ: മത്സ്യമേഖലയിൽ ആദിവാസി സമൂഹത്തിന് പ്രാമുഖ്യം നൽകിയുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകി. ആധുനിക രീതിയിലുള്ള മത്സ്യക്കൂടുകൾ സ്ഥാപിച്ച് മീൻപിടിത്തം നടത്തുന്ന രീതിയാണ് ആദിവാസികൾക്കായി മത്സ്യബന്ധന വകുപ്പ് തയാറാക്കിയത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മൂന്നു ഡാം റിസർവോയറുകളാണ് മത്സ്യക്കൂടുകൾ സ്ഥാപിക്കാൻ തിരഞ്ഞെടുത്തത്.
കേരള അക്വാകൾചർ ഡെവലപ്മെന്റ് ഏജൻസിയുടെ (അഡാക്) നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, തൃശൂർ ജില്ലയിലെ പീച്ചി, ഇടുക്കി എന്നീ റിസർവോയറുകളിലാണ് മത്സ്യകൃഷി ആരംഭിക്കുന്നത്. ആദിവാസി വിഭാഗക്കാരായ മീൻപിടിത്തക്കാരുടെ സാമ്പത്തിക-സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയിൽ നെയ്യാർ ഡാമിൽ കഴിഞ്ഞ ദിവസം വിത്തുകൾ നിക്ഷേപിച്ചു.
പീച്ചിയിലും ഇടുക്കിയിലും ഉടൻ നിക്ഷേപിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതിയിൽ ഉൾപ്പെടുത്തി 10.82 കോടി രൂപ വിനിയോഗിച്ചാണ് കൃഷി. വനംവകുപ്പിന്റെ അധീനതയിലുള്ള അണക്കെട്ടുകളിൽ അവരുടെ നിർദേശാനുസരണം തദ്ദേശീയ ഇനങ്ങളായ കരിമീൻ, വരാൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് കൃഷി. ഡാമിലെ തനത് മത്സ്യങ്ങളുടെ കൃഷിയും ലക്ഷ്യമിടുന്നു.
വനംവകുപ്പിന്റെ ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റി അംഗങ്ങളായ 14 പേർ വീതമാണ് മൂന്നിടത്തും കൃഷി നടത്തുക. കർഷകരിൽ നാലുപേർ വീതം സ്ത്രീകളാണ്. കൃഷി പരിപാലനമടക്കം ദൈനംദിന ജോലികൾക്ക് ദിവസം 600 രൂപ ശമ്പളവും ഇവർക്ക് നൽകും. ഒരു ദിവസം ഏഴുപേർക്ക് വീതമാണ് ജോലി.
വിളവെടുപ്പിലെ ലാഭവിഹിതവും തൊഴിലാളികൾക്ക് പങ്കിട്ടെടുക്കാം. ആറു മീറ്റർ നീളവും നാലു മീറ്റർ വീതം വീതിയും ആഴവുമുള്ള 100 കൂടുകളിലാണ് കൃഷി നടത്തുക. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൂടുകൾ മാറ്റി പുതിയത് സ്ഥാപിക്കും. രണ്ടുലക്ഷം വിത്തുകളാണ് കൂടുകളിൽ നിക്ഷേപിക്കുക. എട്ടു മുതൽ പത്തു വരെ മാസമുള്ള കൃഷിയിൽ വരാൽ ഒരുകിലോ വരെയും കരിമീൻ 400 ഗ്രാം വരെയുമുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.