സ്കോളർഷിപ്: മുസ്ലിംകൾക്ക് നഷ്ടമുണ്ടായി, സർക്കാർ പരിഗണിക്കണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കിയതോടെ മുസ്ലിം സമുദായത്തിന് മാത്രമായി നടപ്പാക്കിയ ഒരു സ്കീമാണ് ഇല്ലാതായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുസ്ലിംകൾക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സ്കോളര്‍ഷിപ്പുകൾ നിലനിര്‍ത്തി പുതിയൊരു സ്കീമുണ്ടാക്കി ഇതര ന്യൂനപക്ഷവിഭാഗങ്ങളെ അക്കോമെഡേറ്റ് ചെയ്യണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഞങ്ങളുടെ ഫോര്‍മുല ഭാഗീകമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഒരു ചര്‍ച്ചയും പ്രതിപക്ഷവുമായി സര്‍ക്കാര്‍ നടത്തിയിട്ടില്ല -സതീശൻ വ്യക്തമാക്കി.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് ഇന്നലെ കാസര്‍കോട് പറഞ്ഞ സതീശൻ, ഇന്ന് രാവിലെ കോട്ടയത്ത് വച്ച് ആ അഭിപ്രായം തിരുത്തിയിരുന്നു. ഏതെങ്കിലും സമുദായത്തിന് കിട്ടി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ നിലവിൽ കുറവ് വരുന്നില്ലെന്നാണ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് സതീശൻ ഇന്ന് രാവിലെ പറഞ്ഞത്. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഈ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തുവന്നു. സതീശൻ പറഞ്ഞത് തെറ്റാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
''അനുപാതം എടുത്തു കളയുന്നതോടെ മുസ്ലിം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിയമിക്കപ്പെട്ട സച്ചാര്‍ കമ്മീഷൻ ശുപാര്‍ശയാണ് ഇല്ലാതായത്. ഇത് വലിയ നഷ്ടമാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ 80:20 അനുപാതം നിശ്ചയിച്ചത് വിഎസ് സര്‍ക്കാരാണ്. അത് തെറ്റും അനീതിയുമാണ്. നൂറ് ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികൾക്ക് നൽകേണ്ട സ്കോളര്‍ഷിപ്പാണ് ഇത്. അതിനെയാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി വിഭജിച്ച് നൽകിയത്. അതാണ് കോടതി ഇടപെട്ട് തള്ളിയതും. തെറ്റുകൾ തിരുത്തി സ്കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ മുസ്ലീം ലീഗിൻ്റെ നിലപാട് വ്യക്തമാണ്. അക്കാര്യം മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചോ എന്നറിയില്ല. സച്ചാര്‍ കമ്മീഷൻ റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശയും കേരളത്തിൽ നടക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം തിരിച്ചറിയാൻ സര്‍ക്കാരും പ്രതിപക്ഷനേതാവും തയ്യാറാവണം -ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിശദീകരണവുമായി രംഗത്തെത്തിയത്. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയില്ല എന്നാണ് താൻ പറഞ്ഞതെന്നും സമുദായത്തിന് മാത്രമായി നടപ്പാക്കിയ ഒരു സ്കീം ഇല്ലാതായത് നഷ്ടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗിന്‍റെ പ്രതികരണം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിംലീഗ് പറഞ്ഞ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യും. ലീഗിന്‍റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.